മുൻപ് സന്ദർശിച്ച സ്ഥലങ്ങൾ ഉപഭോക്താക്കൾ മറന്നുപോയാലും ഇനി ഗൂഗിൾ ഓർമ്മപ്പെടുത്തും. മുൻപ് സന്ദർശിച്ച സ്ഥലങ്ങൾ ഏതൊക്കെയെന്ന് ഓർമ്മിപ്പിക്കാൻ സഹായിക്കുന്ന ടൈംലൈൻ എന്ന ഫീച്ചറാണ് ഗൂഗിൾ മാപ്പിൽ എത്തുന്നത്. ലൊക്കേഷൻ ഹിസ്റ്ററിയുമായി ബന്ധപ്പെട്ടാണ് ഈ ഫീച്ചർ പ്രവർത്തിക്കുക. ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന തരത്തിലാണ് ടൈംലൈൻ ഫീച്ചറിന്‍റെ പ്രവർത്തനം. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. മുഴുവൻ ഉപഭോക്താക്കളിലേക്കും അടുത്ത വർഷം മുതലാണ് ടൈംലൈൻ ഫീച്ചർ പ്രവർത്തനക്ഷമമാകുക.
ലൊക്കേഷൻ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപഭോക്താക്കൾക്ക് ക്ലൗഡിലേക്ക് മാറ്റാവുന്നതാണ്. ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം ടൈംലൈനിലേക്ക് സന്ദർശിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്താനാകും. ഒരു സ്മാർട്ട്ഫോണിൽ ലൊക്കേഷൻ ഹിസ്റ്ററി ആദ്യമായി ഓണാക്കുകയാണെങ്കിൽ, ഓട്ടോ ഡിലീറ്റ് കൺട്രോൾ മൂന്ന് മാസത്തേക്ക് ഡിഫാൾട്ട് ഓപ്ഷനായി സെറ്റ് ചെയ്യപ്പെടുന്നതാണ്. ഈ ഓപ്ഷൻ 18 മാസമാണ് നിലനിൽക്കുക. ഉപഭോക്താക്കൾക്ക് കൂടുതൽ സമയം ടൈംലൈൻ ഫീച്ചർ ഉപയോഗിക്കണമെങ്കിൽ ഈ കാലയളവ് നീട്ടാവുന്നതാണ്. കൂടാതെ, ഡിലീറ്റ് കൺട്രോൾ ഉപയോഗിച്ച് ടൈം ലൈനുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പൂർണ്ണമായും ഓഫ് ചെയ്യാനും സാധിക്കും.