പാസ്‌വേഡുകൾ സൂക്ഷിക്കാൻ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്ന പരിപാടി ഉടൻ നിർത്തിക്കോളൂ! മുന്നറിയിപ്പ് ഇങ്ങനെ


സോഷ്യൽ മീഡിയ അക്കൗണ്ട് മുതൽ ബാങ്ക് അക്കൗണ്ട് വരെ ഇന്ന് പാസ്‌വേഡുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഓരോ അക്കൗണ്ടിനും ചില സമയങ്ങളിൽ വ്യത്യസ്ത പാസ്‌വേഡുകൾ ഉപയോഗിക്കേണ്ടി വരുന്നതിനാൽ അവ കൃത്യ സമയത്ത് ഓർത്തെടുക്കാനും വളരെ ബുദ്ധിമുട്ടാണ്. ഈ സമയങ്ങളിൽ മിക്ക ആളുകളും പാസ്‌വേഡുകൾ സൂക്ഷിക്കാൻ ചില ആപ്പുകൾ തിരഞ്ഞെടുക്കാറുണ്ട്. ഈ ആപ്പുകൾ കൃത്യമായി പാസ്‌വേഡുകൾ സൂക്ഷിക്കുകയും, ഉപഭോക്താവിന്റെ ആവശ്യാനുസരണം കൃത്യമായി ആക്സസ് നൽകുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ ഇത്തരം ആപ്പുകൾ വലിയ സഹായമാണ് ചെയ്ത് നൽകുന്നതെങ്കിലും, ഇതിനുപിന്നിൽ നിരവധി ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട്.

ഗുണങ്ങൾ ഏറെ നിലനിൽക്കുമ്പോഴും, ഇത്തരം ആപ്പുകളുടെ വിപരീത വശങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. പാസ്‌വേഡുകൾ കൈമാറുക എന്നത് ഉപഭോക്താക്കളുടെ സെൻസിറ്റീവ് ഡാറ്റകൾ കൈമാറുന്നതിന് തുല്യമാണ്. ഇത് അപകടങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. ഇതിനെക്കുറിച്ച് ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജിയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പാസ്‌വേഡുകൾ സൂക്ഷിക്കാൻ ആപ്പുകളുടെ സഹായം തേടുമ്പോൾ, നിങ്ങളെല്ലാതെ മറ്റൊരാൾക്ക് കൂടി വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്സിസ് ലഭ്യമാകുന്നു. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ലഭ്യമായിട്ടുള്ള ഓട്ടോഫിൽ പാസ്‌വേഡ് ഫീച്ചറുമായി ബന്ധിപ്പിച്ചിരിക്കുന്ന ‘ഓട്ടോസ്പിൽ’ വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. അതിനാൽ, പാസ്‌വേഡ് സേവ് ചെയ്യാൻ തേർഡ് പാർട്ടി ആപ്പുകളുടെ സഹായം തേടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.