ടെക് ലോകത്ത് തരംഗമായി ഒപ്റ്റിമസ് ജെൻ-2: മുട്ട പുഴുങ്ങുന്നത് മുതൽ ഡാൻസ് വരെ കളിക്കുന്ന റോബോട്ടിനെ കുറിച്ച് അറിയാം


മനുഷ്യന്റെ ജോലിഭാരം ലഘൂകരിക്കാൻ ഇന്ന് നിരവധി മേഖലകളിൽ റോബോട്ടിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്തമാര്‍ന്ന ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ഓരോ കമ്പനികളും റോബോട്ടുകളെ തയ്യാറാക്കുന്നത്. ഇപ്പോഴിതാ ടെക് ലോകത്ത് ഏറെ ചർച്ചയായി മാറിയിരിക്കുകയാണ് ടെസ്‌ല അവതരിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2. ഈ വർഷം ആദ്യം എഐ ദിനത്തിൽ റോബോട്ടിന്റെ പ്രോട്ടോ ടൈപ്പ് ടെസ്‌ല അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്ന് ഏറെ മെച്ചപ്പെടുത്തിയാണ് ഒപ്റ്റിമസ് ജെൻ-2 പുറത്തിറക്കിയിരിക്കുന്നത്. മുട്ട പുഴുങ്ങുന്നത് മുതൽ ഡാൻസ് വരെ കളിക്കാൻ ശേഷിയുള്ളവയാണ് ടെസ്‌ലയുടെ ഹ്യൂമനോയ്ഡ് റോബോട്ട്. ഇവയ്ക്ക് വീഴാതെ നിൽക്കാനുള്ള ശേഷിയും, ശരീരം നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്.

മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്ന സുരക്ഷിതമല്ലാത്ത മേഖലകളിൽ റോബോട്ടിന്റെ സഹായം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്‌ല ഒപ്റ്റിമസ് ജെൻ-2 പുറത്തിറക്കിയിട്ടുള്ളത്. അധികം വൈകാതെ ടെസ്‌ലയുടെ വിവിധ നിർമ്മാണ ജോലികളിൽ റോബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. ഇവയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് പ്രത്യേക സോഫ്റ്റ്‌വെയറുകൾ ആവശ്യമാണ്. ഇത് നിർമ്മിക്കുന്നതിനായി ഡീപ് ലേണിംഗ്, കംപ്യൂട്ടർ വിഷൻ, മോഷൻ പ്ലാനിംഗ്, കൺട്രോൾ, മെക്കാനിക്കൽ, സോഫ്റ്റ്‌വെയർ എൻജിനീയർമാരെ ഉടൻ നിയമിക്കുന്നതാണ്.