ആഗോളതലത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മാസങ്ങൾക്കു മുൻപ് വാട്സ്ആപ്പ് പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനൽ. ഓരോ ദിവസം കഴിയുംതോറും ചാനലിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ചാനൽ ഉപഭോക്താക്കൾക്കായി ഓട്ടോമാറ്റിക് ആൽബം ഫീച്ചർ വികസിപ്പിക്കുകയാണ് കമ്പനി. ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടോമാറ്റിക് ആൽബം ഫീച്ചർ എത്തിയിട്ടുണ്ട്.
ചാനൽ ഉപയോഗിക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തിലാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചാനലിൽ അഡ്മിന്മാർ പങ്കുവെക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഓട്ടോമാറ്റിക്കായി ഓർഗനൈസ് ചെയ്ത് ഒരൊറ്റ ആൽബമാക്കി മാറ്റുന്ന തരത്തിലാണ് പുതിയ ഫീച്ചറിന്റെ പ്രവർത്തനം. ഇതോടെ, ഓട്ടോമാറ്റിക് ആൽബത്തിൽ ടാപ്പ് ചെയ്യുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് മുഴുവൻ കളക്ഷനും ഒറ്റയടിക്ക് കാണാനാകും.
വാട്സ്ആപ്പ് ചാനലുകൾക്ക് കൂടുതൽ ദൃശ്യഭംഗി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ഉടൻ വൈകാതെ മുഴുവൻ ഉപഭോക്താക്കളിലേക്കും ഓട്ടോമാറ്റിക് ആൽബം ഫീച്ചർ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. പുതിയ അപ്ഡേറ്റ് എന്ന നിലയിലാണ് മുഴുവൻ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകുക.