ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെതിരെ ഗുരുതര ആരോപണവുമായി ഉപഭോക്താക്കൾ. തെറ്റായ വിവരങ്ങൾ, നിയമവിരുദ്ധ ഉള്ളടക്കം, സുതാര്യത എന്നിവയ്ക്കെതിരെയാണ് ഉപഭോക്താക്കൾ പ്രശ്നങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എക്സിനെതിരെ യൂറോപ്യൻ യൂണിയൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിൽ എക്സ് തെറ്റുകാരാണെന്ന് കണ്ടെത്തിയാൽ ആഗോള വരുമാനത്തിന്റെ 6 ശതമാനം പിഴയോ, യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്കോ നേരിടേണ്ടി വന്നേക്കാം. ഈ വർഷം ജൂണിൽ കാലിഫോർണിയിൽ വെച്ച് തിയറി ബ്രെട്ടനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം, താൻ നിയമം അനുസരിക്കുമെന്ന് മസ്ക് ഉറപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, വ്യാജവാർത്തകളും വിദ്വേഷ പ്രസംഗങ്ങളും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്.
എക്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള രൂപകൽപ്പനയെ കുറിച്ചുള്ള ആശങ്കകളും അന്വേഷണവിധേയമാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ബ്ലൂ ചെക്ക് മാർക്കിന്റെ ഉപയോഗവും, പണം നൽകുന്നവർക്ക് മാത്രം അത് നൽകുന്നതും അന്വേഷണ വിധേയമാക്കും. മസ്ക് വരുന്നതിനു മുൻപ് മന്ത്രിമാർ, സെലിബ്രിറ്റികൾ, പ്രശസ്ത വ്യക്തികൾ എന്നിവർക്ക് മാത്രമാണ് വെരിഫൈഡ് അക്കൗണ്ടുകൾ നൽകിയിരുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എക്സിലുണ്ടായ നിയമവിരുദ്ധ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് അവ കൈകാര്യം ചെയ്യുന്നതിൽ എക്സിന്റെ പ്രാപ്തി സംബന്ധിച്ചും അന്വേഷണം നടക്കുന്നതാണ്. നിലവിൽ, അന്വേഷണത്തിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, അന്വേഷണം ചില ഇടക്കാല നടപടികൾക്ക് വഴിവെച്ചേക്കാൻ സാധ്യതയുണ്ട്.