ഐഫോൺ ഉപഭോക്താക്കൾക്കും സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാരിന് കീഴിലുള്ള സുരക്ഷ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളെയും, ഫോൺ സുരക്ഷയെയും ബാധിക്കുന്ന പുതിയ ഭീഷണിയെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്തിടെ സാംസംഗ് ഉപഭോക്താക്കൾക്കും സമാനമായ രീതിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ആപ്പിളിന്റെ ഉൽപ്പന്നങ്ങളിൽ ഒന്നിലധികം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ എളുപ്പത്തിൽ ചോർത്താൻ സാധിക്കുന്ന തരത്തിലുള്ള പ്രശ്നമാണ് ബാധിച്ചിരിക്കുന്നത്.
ഫോണിന്റെ രഹസ്യ കോഡ് കരസ്ഥമാക്കിയതിനുശേഷമാണ് മറ്റു വിവരങ്ങൾ ചോർത്തിയെടുക്കുന്നത്. അനിയന്ത്രിതമായി ഫയലുകൾ ആക്സസ് ചെയ്യാനും, പ്രധാനപ്പെട്ട വിവരങ്ങൾ മോഷ്ടിക്കാനും സാധിക്കും. ഐഒഎസ്, ഐപാഡ്, മാക്ഒഎസ്, ടിവിഒഎസ്, വാച്ച്ഒഎസ്, സഫാരി ബ്രൗസർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ആൻഡ്രോയിഡ് 11, 12, 13, 14 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സാംസംഗ് സ്മാർട്ട്ഫോണുകളെയാണ് സുരക്ഷാ ഭീഷണി കൂടുതൽ ബാധിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.