8 ജിബി റാം, 128 ജിബി സ്റ്റോറേജ്; കയ്യിലും കാശിലും ഒതുങ്ങുന്ന ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി വീണ്ടും ലാവ
ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ സ്വന്തം രാജ്യത്ത് ഏറെ അഭിമാനത്തോടെ പുത്തൻ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ 5ജി ഫോണുകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ലാവ സ്റ്റോം 5ജി (Lava Storm 5G) എന്ന കിടിലൻ സ്മാർട്ട്ഫോൺ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
ആവേശകരമായ ഫീച്ചറുകൾ താങ്ങാനാകുന്ന വിലയിൽ അവതരിപ്പിക്കുന്നു എന്നതാണ് ലാവ സ്റ്റോം 5ജിയുടെ പ്രത്യേകത. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന വിധത്തിൽ ഇന്ത്യൻ ബ്രാൻഡ് പുറത്തിറക്കിയ 5ജി ഫോൺ എന്നതും ലാവ സ്റ്റോം 5ജിയുടെ നേട്ടമാണ്. 13,499 രൂപയാണ് ഇതിന്റെ വിലയെങ്കിലും 11,999 രൂപയ്ക്ക് ലഭ്യമാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ബാങ്ക് ഓഫർ കൂടി ലഭ്യമാണ്. അങ്ങനെയാണ് ലാവ സ്റ്റോം 5ജി 11,999 രൂപയ്ക്ക് ലഭിക്കുന്നത്. ഇന്ന് ലോഞ്ച് ചെയ്തെങ്കിലും ഡിസംബർ 28 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആമസോണിലൂടെ ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.
8ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒറ്റ കോൺഫിഗറേഷനിലാണ് ലാവ സ്റ്റോം 5ജി ലോഞ്ച് ചെയ്തിരിക്കുന്നത്. മികച്ച പെർഫോമൻസ് ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യും എന്നാണ് ലാവ പറയുന്നത്. ഇതിന്റെ പേര് തന്നെ വേഗത്തിന്റെ ഒരു സൂചനയെന്ന നിലയ്ക്കാണ് നൽകിയിരിക്കുന്നത്. 15000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച 5ജി ഫോണുകളിലൊന്നാകും ഇത്.