പരമ്പരാഗത കാർഷിക രീതികളിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിവുള്ള പ്രത്യേക ഇനം ബാക്ടീരിയയെ കണ്ടെത്തി ഗവേഷകർ. വിശ്വഭാരതി സർവകലാശാലയിലെ ഗവേഷക സംഘമാണ് സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നത്. സാഹിത്യ നോബൽ ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണാർത്ഥം ബാക്ടീരിയയ്ക്ക് പാന്തോയ ടാഗോറി എന്നാണ് പേര് നൽകിയിരിക്കുന്നത്. കാർഷിക മേഖലയിൽ വളരെ വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ ഈ സൂക്ഷ്മജീവിക്ക് കഴിവുണ്ടെന്ന് ഗവേഷക സംഘം വ്യക്തമാക്കി. നെല്ല്, പയർ, മുളക് എന്നീ ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ ഇവയ്ക്ക് സാധിക്കുന്നതാണ്.
ജാർഖണ്ഡിലെ ത്സരിയയിലുളള കൽക്കരി ഖനികളിലെ മണ്ണിൽ നിന്നാണ് ബാക്ടീരിയ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള വളങ്ങളുടെ ഉപയോഗം കുറയ്ക്കുവാനും, അതുവഴി കൃഷി ചെലവ് താരതമ്യേന ചുരുക്കുവാനും, വിളവ് വർദ്ധിപ്പിക്കുവാനും ഈ ബാക്ടീരിയ സഹായിക്കുമെന്ന് അസോസിയേഷൻ ഓഫ് മൈക്രോബയോളജിസ്റ്റ് ഓഫ് ഇന്ത്യ (എഎംഐ) വ്യക്തമാക്കി. എഎംഐ ഈ കണ്ടുപിടിത്തം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. വിശ്വഭാരതി സർവകലാശാലയിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും, മൈക്രോബയോളജിസ്റ്റുമായ ബോംബെ ഡാം ആണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. രാജു ബിശ്വാസ്, അഭിജിത്ത് മിശ്ര, അഭിനവ് ചക്രവർത്തി, പൂജ മുഖോപാധ്യായ, സന്ദീപ് ഘോഷ് എന്നിവരാണ് സഹഗവേഷകർ.