ഇന്ത്യയിലും വേരുറപ്പിക്കാൻ ഗ്രോക്ക്! ഒരു മാസം ഉപയോഗിക്കണമെങ്കിൽ ചെലവഴിക്കേണ്ടത് 2,000 രൂപയിലധികം


ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്സ് എഐ വികസിപ്പിച്ചെടുത്ത ഗ്രോക്ക് എഐ ചാറ്റ്ബോട്ടിന് ഇന്ത്യയിൽ നിന്നും മികച്ച പ്രതികരണം. ദിവസങ്ങൾക്കു മുൻപാണ് ഗ്രോക്ക് ചാറ്റ്ബോട്ട് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രീമിയം വരിക്കാർക്ക് ഗ്രോക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ്. ഫൺ, റെഗുലർ എന്നിങ്ങനെ രണ്ട് മോഡുകൾ ഉള്ള ഗ്രോക്ക്, ചോദ്യങ്ങൾക്ക് എളുപ്പത്തിലും വേഗത്തിലും ഉത്തരം നൽകുന്നതാണ്.

ചാറ്റ്ജിപിടി പ്ലസ് സബ്സ്ക്രിപ്ഷനെക്കാൾ ഗ്രോക്കിന് താരതമ്യേന ചെലവ് കൂടുതലാണ്. ഫോണിൽ നിന്ന് എക്സ് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുകയാണെങ്കിൽ പ്രതിമാസം 2,299 രൂപയും, പ്രതിവർഷം 22,900 രൂപയുമാണ് നിരക്ക്. എന്നാൽ, പ്രീമിയം പ്ലസ് വരിക്കാരായ ഡെസ്ക്ടോപ്പ് ഉപഭോക്താക്കൾക്ക് പ്രതിമാസ നിരക്ക് 1,300 രൂപയും, വാർഷിക നിരക്ക് 13,000 രൂപയുമാണ്. അതിനാൽ, ഗ്രോക്ക് ഉപയോഗിക്കണമെങ്കിൽ ഉയർന്ന തുക ചെലവഴിക്കേണ്ടി വരും. എക്സിൽ നിന്നുള്ള തൽസമയ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന തരത്തിലാണ് ഗ്രോക്ക് രൂപകൽപ്പന ചെയ്തത്. അതുകൊണ്ടുതന്നെ, മറ്റ് ലാംഗ്വേജ് മോഡലുകളിൽ നിന്നും ഗ്രോക്ക് വ്യത്യസ്തമാണ്. ഫൺ മോഡ് രസകരമായ രീതിയിലും, റെഗുലർ മോഡ് സാധാരണ ഭാഷയിലുമാണ് പ്രതികരിക്കുക.