കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്! യുവതിയിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയ നൈജീരിയൻ സ്വദേശി പിടിയിൽ


കാനഡയിൽ ജോലി തരപ്പെടുത്തി തരാമെന്ന വ്യാജേന യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ. വയനാട് കൽപ്പറ്റ പുഴമുടി സ്വദേശിയുടെ 17 ലക്ഷം രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്തത്. യുവതിയുടെ പരാതിയിൽ നൈജീരിയൻ സ്വദേശി കെന്ന മോസസിനെ കൽപ്പറ്റ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കാനഡയിലെ ആശുപത്രിയിൽ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് യുവതിക്ക് ഒരു മെയിൽ ലഭിച്ചതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

യോഗ്യതകൾക്ക് അനുയോജ്യമായ തൊഴിലുകൾ കാനഡയിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് പിന്നീടുള്ള ആശയവിനിമയം നടന്നത്. ഇതിനായി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കണമെന്ന് പറഞ്ഞാണ് യുവതിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയത്. എന്നാൽ, കാനഡയിലേക്കുള്ള ടിക്കറ്റ് എടുത്തതിനുശേഷവും പണത്തിനായി ആവശ്യപ്പെട്ടതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം യുവതി മനസിലാക്കുന്നത്. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.

സൈബർ പോലീസിന്റെ അതിവിദഗ്ധമായ അന്വേഷണത്തിനോടുവിലാണ് പ്രതിയെ പിടികൂടിയത്. ഇതിനായി മെറ്റയുടെ സഹായം വരെ പോലീസ് തേടിയിരുന്നു. കൃത്യമായി ലൊക്കേഷൻ മനസ്സിലാക്കിയതിനു ശേഷം, ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുനിന്ന് സാഹസികമായാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം, മതിയായ രേഖകൾ ഇല്ലാതെയാണ് പ്രതി ഇന്ത്യയിൽ താമസിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.