സാങ്കേതിക വിദ്യ ഓരോ ദിവസവും പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. 2023 ൽ ഉപഭോക്താക്കളെ അമ്പരപ്പിച്ച നിരവധി ഫോണുകൾ വിവിധ കമ്പനികൾ ലോഞ്ച് ചെയ്തിരുന്നു. നമ്മൾ ഇന്ന് കാണുന്നതിലും മികച്ച സൗകര്യങ്ങൾ ആയിരിക്കും ഇനി വരാൻ പോകുന്നതെന്ന് ഉറപ്പ്. ഫോൾഡബിൾ ഫോണുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഏറെ പ്രചാരത്തിൽ എത്തിയത് ഈ വർഷം ആയിരുന്നു. ഇതിന്റെ തുടർച്ച അടുത്ത വർഷം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
മടക്കി വെയ്ക്കാവുന്ന സ്ക്രീനാണ് ഇപ്പോൾ പുറത്തിറങ്ങിയത് എങ്കിൽ, ഇനി ചുരുട്ടി വെയ്ക്കാവുന്ന റോളബിൾ സ്ക്രീനുള്ള സ്മാർട്ട് ഫോണുകൾ വിപണി കീഴടക്കും എന്നാണ് കരുതുന്നത്. ഇത്തരം സ്ക്രീനുകൾക്കായുള്ള ഗവേഷണവും നിർമ്മാണവും വിവധ കമ്പനികൾ ഇതിനോടകം തന്നെ അരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മോട്ടറോളയാണ് ഇത്തരം സ്ക്രീനുള്ള ഫോണിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. വാച്ച് പോലെ കൈയ്യിൽ ധരിക്കാവുന്ന സ്മാർട്ട് ഫോണാണ് ഇവർ നിർമ്മിക്കുന്നത്.
ഈ ഫോൺ നിവർത്തുമ്പോൾ ഇതിന്റെ സ്ക്രീൻ വലുപ്പം 6.9 ഇഞ്ച് ആയിരിക്കും. അടുത്ത വർഷം നമ്മൾ കാണാൻ പോകുന്ന മറ്റൊരു സാങ്കേതിക വിദ്യ ആയിരിക്കും എല്ലാ ഉപകരണങ്ങളും സ്മാർട്ട് ആക്കുക എന്നത്. നിലവിൽ നിരവധി സ്മാർട്ട് ഉപകരണങ്ങൾ വിപണിയിൽ ഉണ്ടെങ്കിലും ഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഉപകരണങ്ങളും സ്മാർട്ട് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവധ കമ്പനികൾ പ്രവർത്തിക്കുന്നത്. വരും വർഷങ്ങളിൽ ഇവ കൂടുതൽ ജനപ്രിയമാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.