കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിലെ വോയിസ് നോട്ടുകളിലും ആ ഫീച്ചർ എത്തി! മുഴുവൻ ഉപഭോക്താക്കൾക്കും ഉടൻ ലഭ്യമാകും


ന്യൂഡൽഹി: ഉപഭോക്താക്കളുടെ ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വോയിസ് നോട്ടുകളിലും ‘വ്യൂ വൺസ്’ എത്തി. മാസങ്ങൾക്കു മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ വാട്സ്ആപ്പ് പങ്കുവെച്ചിരുന്നു. നിലവിൽ, വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുകയാണ്. അധികം വൈകാതെ മുഴുവൻ ആളുകളിലേക്കും പുതിയ ഫീച്ചർ എത്തിക്കാനുള്ള ശ്രമം വാട്സ്ആപ്പ് നടത്തുന്നുണ്ട്.

ഉപഭോക്താക്കളുടെ സന്ദേശങ്ങളിൽ കൂടുതൽ സ്വകാര്യത ലഭ്യമാക്കുന്നതിന്റെ
ഭാഗമായാണ് വോയിസ് നോട്ടുകളിലും വ്യൂ വൺസ് ഫീച്ചർ ഉൾപ്പെടുത്തിയിട്ടുള്ളത്. വ്യൂ വൺസ് ആയി സെറ്റ് ചെയ്തിട്ടുള്ള വോയ്സുകൾ എക്സ്പോർട്ട്, ഫോർവേഡ് ചെയ്യുന്നതിൽ നിന്നും, സേവ് ചെയ്യുന്നതിൽ നിന്നും, റെക്കോർഡ് ചെയ്യുന്നതിൽ നിന്നും സ്വീകർത്താവിനെ തടയുന്നു. വ്യൂ വൺസ് എന്ന ഓഡിയോ സന്ദേശം സ്വീകർത്താവ് ഒരിക്കൽ കേട്ടാൽ അവ ഉടൻ തന്നെ അപ്രത്യക്ഷമാകും. അതായത്, ഇത്തരം ഓഡിയോകൾ ഒരുതവണ മാത്രമേ പ്ലേ ചെയ്യാൻ കഴിയുകയുള്ളൂ. ഉപഭോക്താക്കളുടെ എല്ലാ വ്യക്തിഗത സന്ദേശങ്ങളെയും പോലെ, വാട്സ്ആപ്പ് വോയിസ് സന്ദേശങ്ങളെയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സംരക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആഗോളതലത്തിലെ മുഴുവൻ ഉപഭോക്താക്കളിലേക്കും വ്യൂ വൺസ് വോയിസ് ഫീച്ചർ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.