ന്യൂഡൽഹി: രാജ്യാന്തര ഇ-സിം സേവനം നൽകുന്ന രണ്ട് ആപ്പുകൾക്കെതിരെ സ്വരം കടുപ്പിച്ച് കേന്ദ്രസർക്കാർ. Airalo, Holafly എന്നീ ആപ്പുകൾക്കെതിരെയാണ് കേന്ദ്രസർക്കാറിന്റെ നടപടി. ഈ ആപ്പുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ കേന്ദ്രസർക്കാർ ആപ്പിളിനെയും ഗൂഗിളിനെയും സമീപിച്ചിരുന്നു. കൂടാതെ, ഇവയുടെ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർർനെറ്റ് സർവീസ് പ്രൊവൈഡർമാരോടും, ടെലികോം കമ്പനികളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശാനുസരണം ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും രണ്ട് ആപ്പുകളും നീക്കം ചെയ്തിരിക്കുകയാണ്.
ആഗോളതലത്തിൽ വിവിധ പ്രദേശങ്ങളിൽ ഇ-സിം എനേബിളിംഗ് ടെലികോം സേവനം നൽകുന്ന ആപ്പുകളാണ് ഇവ. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ നടത്താനും, നിരപരാധികളായ പൗരന്മാരെ കബളിപ്പിക്കാനും അന്താരാഷ്ട്ര ഫോൺ നമ്പറുകളിൽ ഉള്ള അനധികൃത ഇ-സിമ്മുകൾ തട്ടിപ്പുകൾ ചൂഷണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. ഫിസിക്കൽ സിം കാർഡിന്റെ ആവശ്യമില്ലാതെ തന്നെ, വോയിസ് കോൾ, ഇന്റർനെറ്റ് ഡാറ്റ പായ്ക്കുകൾ എന്നിവയ്ക്കായി സിം കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സേവനമാണ് ഇ-സിം പ്രൊവൈഡർമാർ നൽകുന്നത്.