വിൽപ്പനയ്ക്ക് എത്തുന്നതിന് മുൻപേ വമ്പൻ ഹിറ്റ്! പ്രീ ബുക്കിംഗിൽ റെക്കോർഡ് നേട്ടവുമായി സാംസങ് ഗാലക്സി എസ്24


വിൽപ്പനയ്ക്ക് എത്തുന്നതിന് മുൻപേ വമ്പൻ നേട്ടം കൈവരിച്ച് സാംസങ് ഗാലക്സി എസ്24. ഇന്ത്യൻ വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ ഹാൻഡ്സെറ്റിന് ലഭിച്ചിരിക്കുന്നത്. വെറും മൂന്ന് ദിവസം കൊണ്ട് ഏകദേശം രണ്ട് ലക്ഷത്തിലധികം ആളുകളാണ് സാംസങ് ഗാലക്സി എസ്24 പ്രീ ബുക്കിംഗ് നടത്തിയിട്ടുള്ളത്. എഐ പവർ ഫീച്ചറുകളും അത്യുഗ്രൻ ക്യാമറയുമാണ് മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്.

ജനുവരി 31 വരെയാണ് സാംസങ് ഗാലക്സി എസ്24 പ്രീ ബുക്കിംഗ് ചെയ്യാൻ കഴിയുക. പ്രീ ബുക്കിംഗ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ പ്രീ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് സ്മാർട്ട്ഫോൺ ലഭ്യമായി തുടങ്ങും. ടെക്നോളജിയോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശമാണ് പ്രീ ബുക്കിംഗിലൂടെ വ്യക്തമായിട്ടുള്ളതെന്ന് സാംസങ് അറിയിച്ചു.

ഗൂഗിൾ ഉപയോഗിച്ചുള്ള സെർച്ച് ജെസ്ചർ ഡ്രൈവ് സർക്കിൾ ആദ്യമായി ഉൾപ്പെടുത്തിയിരിക്കുന്നത് സാംസങ് ഗാലക്സി എസ്24-ലാണ്. ഭാഷകൾ തീർക്കുന്ന അതിർവരമ്പുകൾ ഇല്ലാതാക്കാൻ ഹിന്ദി അടക്കമുള്ള 13 ഭാഷകളിലേക്ക് ലൈവ് മെസേജ് വിവർത്തനം ചെയ്യാനുള്ള സവിശേഷതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴ് വർഷം വരെയാണ് സുരക്ഷ അപ്ഡേറ്റ് ലഭിക്കുക.