കാനഡയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത് ഖാലിസ്ഥാന്‍ അനുകൂലികള്‍

ടൊറന്റോ: ലണ്ടനിലെയും യുഎസിലെയും ആക്രമണത്തിന് പിന്നാലെ കാനഡയിലും ഇന്ത്യാ വിരുദ്ധ അക്രമം അഴിച്ചുവിട്ട് ഖാലിസ്ഥാനി അനുകൂലികള്‍. കാനഡയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കുകയും ഖാലിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ചുവരെഴുതുകയും ചെയ്തു. ഒന്റാറിയോ പ്രവിശ്യയിലെ ഹാമില്‍ട്ടണിലെ സിറ്റി ഹാളിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിമ തകര്‍ത്തത്. ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മാനിച്ച ആറടി ഉയരമുള്ള പ്രതിമ തകര്‍ത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി വെക്കുകയും ചെയ്തു.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധത്തെക്കുറിച്ച്‌ സര്‍ക്കാരിന് അറിയാമെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞതിന് പിന്നാലെയാണ് സംഭവം. പ്രതിഷേധവുമായി ബന്ധപ്പെട്ട് കനേഡിയന്‍ അധികൃതര്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മര്‍ലിന്‍ ഗുവ്രെമോണ്ട് പറഞ്ഞു. അക്രമത്തിനെതിരെ നടപടി എടുക്കുമെന്നും ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.