കാനഡയില്‍ നിന്ന് കാമുകിയെ വിളിച്ചുവരുത്തി, കൊന്ന് മൃതദേഹം ഫാം ഹൗസില്‍ കുഴിച്ചിട്ടു; യുവാവ് അറസ്റ്റില്‍
ഹരിയാനയിലെ സോനിപട്ടില്‍ കാനഡയില്‍ നിന്ന് കാമുകിയെ വിളിച്ച് വരുത്തി യുവാവ് വെടിവെച്ചു കൊന്നു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഒരു ഫാം ഹൗസില്‍ കുഴിച്ചിട്ടു. റോഹ്തക്ക് സ്വദേശിനിയായ മോണിക്കയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകന്‍ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഫാംഹൗസില്‍ നിന്ന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്നു അരുംകൊല.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മോണിക്കയെ പ്രതി കൊലപ്പെടുത്തിയത്. കാനഡയിലായിരുന്ന യുവതിയെ സുനില്‍ നാട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മോണിക്ക സോനിപത്ത് സ്വദേശിയായ സുനിലിനെ കാണാന്‍ പോകുന്നതിന് മുമ്പ് റോഹ്തക്കിലെ സ്വന്തം വീട് സന്ദര്‍ശിച്ചു. എന്നാല്‍ കുറച്ച് ദിവസമായിട്ടും യുവതി തിരിച്ചെത്താതായതോടെ കുടുംബത്തിന് സംശയമായി. ഇതോടെ ജനുവരി 22 ന് കുടുംബം ഗനൗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായി. പിന്നീട് കേസ് ഭിവാനി സിഐഎ -2 ന് കൈമാറി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനായ സുനിലിനെ കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മോണിക്കയെ കൊലപ്പെടുത്തിയതായി സുനില്‍ സമ്മതിച്ചു. പിന്നാലെ ഫാംഹൗസില്‍ നിന്ന് മോണിക്കയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി കാമുകിയെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.