ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിനോട് വിടപറയുന്ന ജെസ്സൽ കാർനെയ്റോയെ റാഞ്ചാൻ ബെംഗളുരു എഫ്സി തയ്യാറെടുക്കുന്നു. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒന്നിലേറെ വർഷം നീളുന്ന കരാറിനായി ഈ ലെഫ്റ്റ് ബാക്കുമായുള്ള ബെംഗളുരുവിന്റെ ചർച്ചകൾ മുന്നേറുന്നതായാണ് സൂചന.
32 കാരനായ ജെസ്സൽ 2019-20 സീസണിലാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ആ സീസണിലെ മുഴുവൻ മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ച ജെസ്സൽ അഞ്ച് ഗോളിന് വഴിയൊരുക്കിയിരുന്നു. ഈ തകർപ്പൻ പ്രകടനത്തോടെ കരാർ നീട്ടിക്കിട്ടിയ ജെസ്സൽ ക്ലബ് വൈസ് ക്യാപ്റ്റനായും പിന്നീട് ക്യാപ്റ്റനായും ചുമതലയേറ്റു. കഴിഞ്ഞ രണ്ട് സീസണുകളിലും ജെസ്സലായിരുന്നു ക്ലബ് ക്യാപ്റ്റൻ. എന്നാൽ ഇക്കഴിഞ്ഞ ഐഎസ്എൽ സീസണിൽ പലപ്പോഴും ജെസ്സലിന്റെ പ്രകടനം വിമർശനങ്ങൾക്ക് വിധേയമായിരുന്നു. എങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയിസ് ലെഫ്റ്റ് ബാക്കായി ജെസ്സൽ തുടർന്നു.
ഇക്കുറി സൂപ്പർ കപ്പിൽ കളിക്കാനിരുന്ന ജെസ്സലിന് അവസാനിമിഷം പരുക്കിനെത്തുടർന്ന് ടൂർണമെന്റ് നഷ്ടമായി.ഇതനുപിന്നാലെയാണ് താരം ക്ലബ് വിടുകയാണെന്ന് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തത്. പരിചയസമ്പന്നനായ ജെസ്സലിനെ സ്വന്തമാക്കുന്നതിലൂടെ സ്ക്വാഡ് കരുത്ത് കൂട്ടാം എന്നാണ് ബെംഗളുരുവിന്റെ കണക്കുകൂട്ടൽ. മാത്രവുമല്ല ബാക്ക് ത്രീ കളിക്കുന്ന ബെംഗളുരുവിൽ ലെഫ്റ്റ് വിങ് ബാക്ക് റോളിൽ ജെസ്സലിന് കുറേക്കൂടി മികവ് പുലർത്താനും സാധിച്ചേക്കും.