ദീർഘകാലമായി കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം പ്രവർത്തിക്കുന്ന സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടത് കഴിഞ്ഞ ദിവസമാണ്. കളിക്കാരനായും പരിശീലകസംഘാംഗമായി ബ്ലാസ്റ്റേഴ്സുമായി വർഷങ്ങളായി സഹകരിക്കുന്ന ഇഷ്ഫാഖിന്റെ ക്ലബ് വിടൽ അപ്രതീക്ഷിതമായിരുന്നു. ഇതോടെ അടുത്ത സീസണിൽ ക്ലബിൽ വൻ മാറ്റങ്ങളുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഇഷ്ഫാഖിന് പകരം ആരെത്തുമെന്ന കാര്യം ഇതുവരെ ക്ലബ് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മലയാളിയായ ടിജി പുരുഷോത്തമനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സഹപരിശീലകൻ. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ തന്നെ റിസർവ് ടീമിന്റെ സഹപരിശീലകനാണ് പുരുഷോത്തമാൻ. 2021 മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട് അദ്ദേഹം.
43-കാരനായ പുരുഷോത്തമൻ മുമ്പ് സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. രണ്ട് തവണ കിരീടവും കളിക്കാരനെന്ന നിലയിൽ അദ്ദേഹം നേടിയിട്ടുണ്ട്. വാസ്കോ, മഹീന്ദ്ര യുണൈറ്റഡ് തുടങ്ങിയ ക്ലബുകൾക്കായും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളാ ടീമിന്റെ സഹപരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.