ട്വിറ്ററിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ് ഹാഷ്ടാഗിന്റെ ഉപജ്ഞാതാവായ ക്രിസ് മെസിന. ഹാഷ്ടാഗിന്റെ സാധ്യതകൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന പ്ലാറ്റ്ഫോമാണ് ട്വിറ്റർ. അതിനാൽ, ക്രിസ് മെസിനയുടെ തീരുമാനം ടെക് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. മസ്കിന്റെ പുതിയ തീരുമാനമാണ് മെസിന ട്വിറ്ററിൽ നിന്ന് പുറത്തു പോകുന്നതിന് പിന്നിലെന്ന് സൂചനകൾ ഉണ്ട്. അക്കൗണ്ടുകളുടെ ബ്ലൂ ബാഡ്ജ് നീക്കം ചെയ്യുന്ന മസ്കിന്റെ തീരുമാനത്തോട് നേരത്തെ തന്നെ മെസിന വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
‘തന്റെ ബ്ലൂ ബാഡ്ജ് അസാധുവാക്കിയതല്ല ട്വിറ്റർ വിടാനുള്ള കാരണം. പകരം, നിലവിലെ വെരിഫിക്കേഷൻ സംവിധാനം കൈകാര്യം ചെയ്യുന്ന രീതിയാണ് പിൻവാങ്ങലിലേക്ക് നയിച്ചത്’ ക്രിസ് മെസിന വ്യക്തമാക്കി. അതേസമയം, ഹാഷ്ടാഗുകളോട് താൽപ്പര്യമില്ലെന്ന് മസ്ക് മുൻപ് വ്യക്തമാക്കിയിരുന്നു. ഹാഷ് (#) എന്ന സിമ്പൽ ഒരു വാക്യത്തിനോ, ഒരു വാചകത്തിനോ മുൻപിൽ പിൻ ചെയ്യുന്നതിനെയാണ് ഹാഷ്ടാഗ് എന്ന് സൂചിപ്പിക്കുന്നത്.