കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു; സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ്


വാഹനാപകടത്തിൽ മരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മലയാളികൾ‌ മുക്തമായിട്ടില്ല. ജൂൺ അഞ്ചിന് തൃശ്ശൂർ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പുലർച്ചെ നാലരയോടെയാണ് കൊല്ലം സുധി മരിച്ചത്. സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട് എന്നത്. ഇപ്പോഴിതാ കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാൻ സ്ഥലം സൗജന്യമായി നൽകിയിരിക്കുകയാണ് ബിഷപ് നോബിൾ ഫിലിപ്പ്.

ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ ഒരുങ്ങുന്ന വീട് കേരള ഹോം ഡിസൈൻസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ് സൗജന്യമായി വീട് പണിതുകൊടുക്കുന്നത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം റജിസ്ട്രർ ചെയ്തിരിക്കുന്നത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് ബിഷപ് നോബിൾ ഫിലിപ്പ്.

Also read-‘വീണ്ടും എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നത്’; കുറിപ്പുമായി കൊല്ലം സുധിയുടെ ഭാര്യ

“എന്റെ കുടുംബസ്വത്തിൽ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നൽകിയത്. എന്റെ വീട് പണിയുന്നതും ഇതിനു തൊട്ടരികിലാണ്. റജിസ്ട്രേഷൻ പൂർണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നൽകിയത്. വീടു പണി ഉടൻ തുടങ്ങും. ബിഷപ് നോബിൾ ഫിലിപ്പ് പറഞ്ഞു.

സുധിച്ചേട്ടന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമാകുന്നതെന്ന് എന്നാൽ ഇതൊന്നും കാണാൻ ോഅദ്ദേഹം ഇല്ല എന്നതാണ് വിഷമകരമായ കാര്യമെന്നും സുധിയുടെ ഭാര്യ രേണു പറഞ്ഞു. സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ടെന്നും മരിക്കുന്നതിനു തൊട്ടുമുമ്പും അദ്ദേഹം വീടുവയ്ക്കുന്ന കാര്യമാണ് പറഞ്ഞിരുന്നതെന്നും രേണു പറയുന്നു.