കൊച്ചി: കോതമംഗലം വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിന് താഴെ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ 15 ദിവസത്തിനകം കെഎസ്ഇബി ചെയർമാൻ വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി അധികൃതര്‍ വാഴ കൃഷി വെട്ടി നശിപ്പിച്ചത്. യുവ കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം.
ഓണത്തിന് വിളവെടുക്കാൻ പാകത്തിന് കുലച്ചുനിന്ന വാഴയാണ് വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് സമീപം കെഎസ്ഇബി വെട്ടി വീഴ്ത്തിയത്. മൂലമറ്റത്ത് നിന്നെത്തിയ ലൈൻ മെയിന്റ്നൻസ് സബ് ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കൃഷി നശിപ്പിച്ചത്.