ഇസ്രഈലും യു.എസും വിതരണം ചെയ്യുന്ന ഭക്ഷണത്തിനായി കാത്ത് നില്‍ക്കവെ മാത്രം നാലാഴ്ച്ചയ്ക്കുളളില്‍ ഗസയില്‍ കൊല്ലപ്പെട്ടത് 549 ഫലസ്തീനികള്‍
ഗസ: ഭക്ഷണത്തിന്റെ പേരില്‍ ഗസയില്‍ ഇസ്രഈലും യു.എസും ഒരുക്കുന്നത് മരണക്കെണിയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. യു.എസ്-ഇസ്രഈല്‍ പിന്തുണയോട് പ്രവര്‍ത്തിക്കുന്ന ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായം സ്വീകരിക്കാന്‍ കാത്ത് നില്‍ക്കവെ നാലാഴ്ച്ചക്കുള്ളില്‍ 549 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്.
ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 549 പേര്‍ കൊല്ലപ്പെട്ടതിന് പുറമെ 4,066 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സഹായത്തിനായി കാത്ത് നിന്ന 39 ഓളം പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
സഹായ കേന്ദ്രങ്ങളെ ‘മരണക്കെണികള്‍’ എന്ന് പ്രസ്താവനയില്‍ വിശേഷിപ്പിച്ച ഗസ അതോറിറ്റി ഇത്തരം ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ നടക്കുന്നത് യുദ്ധ കുറ്റമാണെന്നും ആരോപിച്ചു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രഈലിനാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
പട്ടിണി കിടക്കുന്ന സാധാരണക്കാരെ ഭക്ഷണത്തിന്റെ പേരില്‍ പ്രലോഭിപ്പിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരം ആസൂത്രിതമായി ദിവസേന വെടിവച്ചുകൊല്ലുന്ന ഈ കുറ്റകൃത്യങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,’ ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു.
ഇസ്രഈല്‍ ഭക്ഷണത്തെ കൂട്ടക്കൊലയ്ക്കുള്ള ആയുധമായി ഉപയോഗിക്കുന്നുവെന്നും സഹായത്തിനെ ഉന്മൂലനത്തിനും ആധിപത്യത്തിനുമുള്ള ഉപകരണമാക്കി മാറ്റുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രഈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 100 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതില്‍ മധ്യ ഗസയിലെ നെറ്റ്‌സാരിം പ്രദേശത്ത് മാനുഷിക സഹായം സ്വീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഇസ്രഈല്‍ വെടിവെപ്പില്‍ മാത്രം എട്ട് പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ വഫ പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍, പട്ടിണി കിടക്കുന്നവര്‍ക്കും സഹായം ആവശ്യമുള്ളവര്‍ക്കും വേണ്ടിയുള്ള ‘കില്‍ സോണുകള്‍’ എന്നറിയപ്പെടുന്ന വിതരണ കേന്ദ്രങ്ങളില്‍ മാനുഷിക ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി കാത്തിരുന്നവരായിരുന്നു.
Content Highlight: 549 Palestinians killed in Gaza in four weeks while waiting for food distributed by Israel and the US