അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുളള അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ 2,114.72 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം സമാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 82.57 ശതമാനം അധികമാണ് അറ്റാദായം കൈവരിച്ചിരിക്കുന്നത്. അതേസമയം, 70 ശതമാനം മാത്രമായിരുന്നു വളർച്ച പ്രതീക്ഷിച്ചിരുന്നത്.
നടപ്പു സാമ്പത്തിക വർഷത്തെ വരുമാനം 23.51 ശതമാനം ഉയർന്ന് 6,247.55 കോടി രൂപയായിട്ടുണ്ട്. വരുമാനത്തിൽ 15-20 ശതമാനം വർദ്ധനവാണ് കണക്കുകൂട്ടിയിരുന്നത്. ഇത്തവണ തുറമുഖ വ്യവസായത്തിലെ എബിറ്റ മാർജിൻ 150 ബേസിസ് പോയിന്റ് ഉയർന്ന് 72 ശതമാനമായിട്ടുണ്ട്. ലോജിസ്റ്റിക്സ് ബിസിനസ് എബിറ്റ മാർജിൻ 150 ബേസിസ് പോയിന്റ് വർദ്ധനവോടെ 28 ശതമാനമായാണ് ഉയർന്നത്. നടപ്പു സാമ്പത്തിക വർഷം അദാനി പോർട്സിന് മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.