മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ചുവടുറപ്പിക്കാൻ സിട്രോൺ സി5 എയർക്രോസ് വിപണിയിലേക്ക്, സവിശേഷതകൾ അറിയാം


ഇന്ത്യൻ വാഹന വിപണിയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ചുവടുകൾ ശക്തമാക്കാൻ സിട്രോൺ സി5 എയർക്രോസ് എത്തുന്നു. ഫ്രഞ്ച് കമ്പനിയാണെങ്കിലും, ഈ മോഡൽ കാറിന്റെ നിർമ്മാണമെല്ലാം പൂർത്തിയാക്കിയത് ഇന്ത്യയിൽ നിന്ന് തന്നെയാണ്. എസ്‌യുവി സെഗ്‌മെന്റിലെ വമ്പൻമാരായ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവയാണ് സിട്രോൺ സി5 എയർക്രോസിന്റെ പ്രധാന എതിരാളികൾ.

സി5 എയർക്രോസിന് ധാരാളം പുതുമകൾ നൽകാൻ കമ്പനി തയ്യാറായിട്ടുണ്ട്. സി3 ഹാച്ച്ബാക്ക് പതിപ്പിന് സമാനമായി ലൈവ്, ഫീൽ, ഷൈൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വിൽക്കുക. 10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെൻമെന്റ് സിസ്റ്റം, 6 സ്പീക്കർ സജ്ജീകരണം, ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വാഷറുള്ള റിയർ വൈപ്പർ, റിയർ ഡീഫോഗർ എന്നിവയെല്ലാം സിട്രോൺ സി5 എയർക്രോസിൽ പ്രതീക്ഷിക്കാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന വേരിയന്റുകൾക്ക് അനുസൃതമായി റൂഫ് മൗണ്ടഡ് റിയർ എയർകോൺ വെന്റുകൾ, മാനുവൽ ഐആർവിഎം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎം, ടിപിഎംഎസ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നതാണ്. സിട്രോൺ സി5 എയർക്രോസിന്റെ ബുക്കിംഗ് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് സിട്രോൺ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ഒക്ടോബറിലായിരിക്കും ഈ മോഡലിന്റെ ഔദ്യോഗിക ലോഞ്ച്.