ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ കോൾ ഫീച്ചർ ഉടൻ എത്തും. എക്സിനെ ‘എവരിതിംഗ് ആപ്പ്’ എന്ന നിലയിലേക്ക് പരിവർത്തനം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. എക്സ് സിഇഒ ലിൻഡ യക്കരിനോ ആണ് വീഡിയോ കോളുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ നടത്തിയിരിക്കുന്നത്. പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ റീബ്രാൻഡ് ചെയ്താണ് എക്സ് എന്ന പുതിയ പേര് ആപ്പിന് നൽകിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്ക് സമാനമായ രീതിയിൽ ഉപഭോക്താവിന്റെ ഫോൺ നമ്പർ കൈമാറാതെ തന്നെ വീഡിയോ കോൾ ചെയ്യാനുള്ള സൗകര്യമാണ് എക്സും വികസിപ്പിക്കുന്നത്. നേരത്തെ എക്സ് ഡിസൈനർ ആൻഡ്രിയ കോൺവേ വീഡിയോ കോൾ സംബന്ധിച്ച സൂചനകൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിഇഒ ഔദ്യോഗിക സ്ഥിരീകരണവുമായി രംഗത്തെത്തിയത്. നിലവിൽ, വീഡിയോ കോൾ സേവന രംഗത്ത് സൂം, മൈക്രോസോഫ്റ്റ് ടീംസ്, ഗൂഗിൾ മീറ്റ്, ഫേസ് ടൈം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്കാണ് കൂടുതൽ ആധിപത്യം ഉള്ളത്. എക്സിലും വീഡിയോ കോൾ സൗകര്യം അവതരിപ്പിക്കുമ്പോൾ, അവ ഉപഭോക്താക്കൾ എത്രത്തോളം സ്വീകരിക്കും എന്നത് വ്യക്തമല്ല.