‘അഫ്​ഗാനിസ്ഥാന് പുറത്തുള്ള ജിഹാ​ദ് അവസാനിച്ചു, അവരെ രക്തസാക്ഷികളായി കണക്കാക്കില്ല’: താലിബാൻ നേതാവ്


അഫ്​ഗാനിസ്ഥാനു പുറത്തുള്ള ജിഹാദ് തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഉന്നത താലിബാൻ നേതാവ് ഷെയ്ഖ് ഹൈബത്തുള്ള അഖുന്ദ്സാദ. തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ അഫ്നാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയവർ കൊല്ലപ്പെട്ടാൽ അവരെ രക്തസാക്ഷികളായി കണക്കാക്കില്ലെന്നും ഹൈബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. അഫ്ഗാൻ പൗരന്മാരും ട്രാൻസിഷണൽ സർക്കാരിലെ അംഗങ്ങളും അഫ്ഗാനിസ്ഥാന് പുറത്ത് ജിഹാദിൽ ഏർപ്പെടരുതെന്നും അഖുന്ദ്സാദ പറഞ്ഞു.

“ഞങ്ങൾ അം​ഗീകരിക്കാത്ത വ്യക്തികൾ പാകിസ്ഥാനെതിരായ പോരാട്ടത്തിനായി സ്വയം ഇറങ്ങിപ്പുറപ്പെടരുത്. അങ്ങനെ അവർ മരിക്കുകയാണെങ്കിൽ, അവരെ രക്തസാക്ഷികളായി കണക്കാക്കില്ല”, എന്നും അഖുന്ദ്സാദ പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാന് പുറത്തുള്ള ജിഹാദ് അവസാനിച്ചതായും അതിർത്തിക്ക് പുറത്തുള്ള പോരാട്ടം ഇസ്ലാമിനും ശരീഅത്തിനും എതിരാണെന്നും അഖുന്ദ്സാദ കൂട്ടിച്ചേർത്തു.

ഈ നിയമം ലംഘിക്കുന്നവരോട് ക്ഷമിക്കില്ലെന്നും സർക്കാർ അവർക്കായി യാതൊന്നും ചെയ്യില്ലെന്നും അഖുന്ദ്സാദ പറഞ്ഞു. അഫ്ഗാനിസ്ഥാന് പുറത്ത്, ആരെങ്കിലും ഇത്തരത്തിൽ മരിച്ചാൽ, സർക്കാർ പ്രതിനിധികൾ അവരുടെ ശവസംസ്കാര ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും താലിബാൻ നേതാവ് കൂട്ടിച്ചേർത്തു. ഇത്തരം യുദ്ധങ്ങളിൽ പങ്കാളികളാകരുതെന്ന് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബും അനുയായികളോട് ആവശ്യപ്പെട്ടു.

തെഹ്‌രിക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) പാർട്ടിയെ പിന്തുണക്കരുതെന്നും തന്റെ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ യുദ്ധം ചെയ്യരുതെന്നും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ അഫ്ഗാനിസ്ഥാൻ സർക്കാരിന് കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ അഫ്ഗാൻ വക്താവ് സബിഹുള്ള മുജാഹിദ് പാക് സർക്കാരിനെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. താലിബാനോടുള്ള അവരുടെ സമീപനം മാറ്റണണെന്നും സബിഹുള്ള മുജാഹിദ് ആവശ്യപ്പെട്ടു.

അഖുന്ദ്‌സാദയുടെ നിർദേശങ്ങൾ എന്തെങ്കിലും സമ്മദത്തിനു വിധേയമായി പറയുന്നതല്ലെന്നും മുതിർന്നയാൾ എന്ന നിലയിൽ എല്ലാവരും സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും താലിബാനുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. തങ്ങളുടെ രാജ്യത്ത് തീവ്രവാദപ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും താലിബാൻ മുൻപ് വ്യക്തമാക്കിയിരുന്നു.