‘2019ലെ ഓണം, ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലം’; അസഹനീയമായ വേദനയെ അതിജീവിച്ചുവെന്ന് പാർവതി


തന്റെ ജീവിതത്തിലെ ഇരുണ്ട കാലം ഓർത്ത് നടി പാർവതി തിരുവോത്ത്. 2019ലെ ഓണക്കാലം ആയിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമെന്ന് നടി പറയുന്നു. ജീവിതത്തിൽ ഏറ്റവും വിഷമം പിടിച്ച ആ സമയം താൻ അതിജീവിച്ചുവെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമാണ് പാർവതി പറയുന്നത്. യാതൊരു പ്രതീക്ഷയുമില്ലാതിരുന്നിടത്ത് കൂടെനിന്ന പ്രിയപ്പെട്ടവരോട് നന്ദിയുണ്ടെന്നും പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘2019ൽ എന്റെ സഹോദരൻ എടുത്ത ചിത്രങ്ങൾ ആണിത്. അത് ഓണക്കാലമായിരുന്നു. എന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടങ്ങളിലൊന്നായാണ് ഞാൻ അത് ഓർക്കുന്നത്. ഈ ഫോട്ടോകൾ എടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ്, ഞാൻ അനുഭവിച്ച വേദനയെ അതിജീവിക്കാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. എന്നാൽ എനിക്കൊപ്പം എന്റെ പ്രിയപ്പെട്ടവർ ഉണ്ടായിരുന്നു. എനിക്ക് മുന്നോട്ട് പോകാനാകാതിരുന്നപ്പോൾ അവരെന്നെ നയിച്ചു. എനിക്ക് അസഹനീയമായ വേദന ഉണ്ടായിരുന്നു, പക്ഷേ ഞാൻ പുഞ്ചിരിച്ചു. ഞാൻ മുന്നോട്ട് പോയി, അതിജീവിച്ചു. ഞാനെത്ര ഭാഗ്യവതിയാണെന്ന് ഓർക്കുകയാണ്. ഈ ചിത്രങ്ങൾ അത്രമേൽ ഇഷ്ടപ്പെടുന്നു,’ പാർവതി പറഞ്ഞു.