മലയാളിയെ പ്രലോഭിപ്പിച്ച താരസ്വരൂപം… മോഹൻലാൽ | Personalities & Achievements kerala, Personalities & Achievements, mohanlal, Mollywood, Latest News, Kerala, News, Entertainment


മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ (1980) വെള്ളിത്തിരയിലെത്തിയ മോഹൻലാൽ അതിവേഗമാണ് മലയാളിയുടെ സ്വപ്ന ഭാവനകളുടെ ഭാഗഭാക്കായത്. പ്രതിനായകനായും സഹനായകനായും നായകനായും പകർന്നാടിയ ലാൽ ഇരുപതാം നൂറ്റാണ്ടിലൂടെ സൂപ്പർ താര പദവി സ്വന്തമാക്കി.

ഒരു മോഹൻലാൽ കഥാപാത്രത്തിന്റെയെങ്കിലും ഒപ്പം സഞ്ചരിക്കാത്ത മലയാളിയുണ്ടാകില്ല. അത്രമേൽ മലയാളിയുടെ സ്വപ്ന സഞ്ചാരങ്ങൾക്കൊപ്പം കാമുകനായും സഹോദരനായും സഹപാഠിയായും സുഹൃത്തായും ഏട്ടനായും ഓട്ടോക്കാരനായും ബസ് മുതലാളിയായും എഴുത്തുകാരനായും കലാകാരനായും ആശാരിയായും വക്കീലായും എല്ലാം മോഹൻലാൽ നിറഞ്ഞു നിന്നു. മലയാളത്തിലെ മറ്റ് ജനപ്രിയ താരങ്ങളുടെ രൂപഭാവ സൗന്ദര്യങ്ങൾ ഇല്ലെങ്കിൽ കൂടിയും ലാൽ മലയാളി മനസുകളിലേക്ക് കടന്നു കയറി. എൺപത് – തൊണ്ണൂറുകളിലും അതിനു ശേഷവും റൊമാന്റിക് ഹീറോമാർ നിരവധി വന്നു കടന്നുപോയെങ്കിലും മലയാളിയുടെ പ്രണയ കാമുക ഭാവനകൾക്ക് മാതൃക പകർന്നത് മോഹൻലാൽ ആയിരുന്നു. നിഷ്ക്കളങ്കമായ ചിരിയോടെ ലാൽ മലയാളിയുടെ മനസു കീഴടക്കി.

read also: കൊല്ലത്ത് അമ്പലത്തിൽ വച്ച് വിവാഹം, പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ സബീന അബ്ദുല്‍ ലത്തീഫ് എന്ന ഞാൻ ലക്ഷ്‌മി പ്രിയ ആയി

നാടോടിക്കാറ്റ്, ചിത്രം, വരവേൽപ്പ്, പഞ്ചാഗ്നി, സുഖമോ ദേവി, ഏയ് ഓട്ടോ, ലാൽ സലാം, കിരീടം, ദശരഥം, താഴ് വാരം എന്നിവയിലൂടെ ജനപ്രിയ നായകനായി ഉയർന്ന ലാൽ രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, അധിപൻ, ഇന്ദ്രജാലം തുടങ്ങിയവയിലൂടെ ആക്ഷൻ സ്റ്റാർ പദവി ഉറപ്പിച്ചു. തൊണ്ണൂറുകളിലെ ഹിന്ദുത്വ തരംഗത്തിൽ മോഹൻലാലിന്റെ താര സ്വരൂപത്തിൽ വലിയ പരിണാമം സംഭവിക്കുന്നുണ്ട്.

ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, ഉസ്താദ്, രാവണ പ്രഭു ആദിയായവയിലൂടെ അതിപൗരുഷത്വത്തിന്റെയും അമാനുഷികതയുടെയും ഭീകര സ്വത്വമായാണ് ലാൽ പകർന്നാടിയത്. മലയാളികൾ ആ കഥാപാത്രങ്ങളെ ഏറ്റെടുത്ത് ആഘോഷമാക്കിയെടുത്തു. പിന്നീട് ഇങ്ങോട്ട് രസതന്ത്രം, ഹലോ പോലെയുള്ള ചിത്രങ്ങളിലൂടെ ലാലിന്റെ കുസൃതിത്തരങ്ങൾ മലയാളികൾക്കു ലഭിച്ചു.

വിജയ പരാജയങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും മലയാളിയുടെ ഇഷ്ടങ്ങളിൽ നിന്ന് മോഹൻലാൽ എന്ന നടനുള്ള സ്ഥാനം നഷ്ടമായിരുന്നില്ല. സ്‌റ്റീഫൻ നെടുമ്പള്ളിയെന്ന സൂപ്പർ കഥാപാത്രത്തിലൂടെ കാണികളെ ആഹ്ലാദിപ്പിച്ച ലാലിന്റെ മാത്യൂസാണ് ഇപ്പോൾ തിയറ്ററിൽ കാണികളെ കോരിത്തരിപ്പിക്കുന്നത്. ജയിലറിൽ കേവലം ആറു മിനിറ്റോളം വരുന്ന ഗസ്റ്റ് റോളിൽ പോലും ലാൽ മാജിക് പ്രകടമായതു കൊണ്ടാണ് സോഷ്യൽ മീഡിയ ഇത്രമാത്രം മാത്യൂസിനെ ആഘോഷിക്കുന്നത്

.ഇനിയും ഏറെക്കാലം കാണികളെ വിസ്മയിപ്പിക്കാൻ മോഹൻലാൽ എന്ന നടനിൽ ആ മാജിക്ക് അവശേഷിക്കുന്നുണ്ട്. എമ്പുരാനും മലൈക്കോട്ടെ വാലിബനും പ്രതീക്ഷാവഹമാകുന്നതും ആ മാജിക് ഒന്നു കൊണ്ടുമാത്രമാണ്.