‘ചെങ്കോട്ടയില്‍ നിന്ന് നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ അടുത്ത വര്‍ഷവുമെത്തും’; മോദിയുടെ ആത്മവിശ്വാസത്തിന് പിന്നിൽ?


അമാൻ ശർമ

”ചെങ്കോട്ടയില്‍ നിന്ന് നിങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഞാന്‍ അടുത്ത വര്‍ഷം വീണ്ടുമെത്തും”, 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് കൂടുതല്‍ ആത്മവിശ്വാസം സ്ഫുരിക്കുന്ന ഇതിനപ്പുറമൊരു പ്രസ്താവന ഉണ്ടാകാനില്ല, അതും ചെങ്കോട്ടയില്‍നിന്ന്. മോദിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍ അതിശക്തമായ കാരണങ്ങളുണ്ട്.

കഴിഞ്ഞ ഒമ്പതു വര്‍ഷവും അഴിമതി രഹിതമായ ഒരു ഭരണമാണ് തന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം ശക്തമായി വിശ്വസിക്കുന്നുവെന്നതാണ് ഇതിന് ഒന്നാമത്തെ കാരണം. അതിനാല്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടായി അത് മടക്കിത്തരുമെന്നും അദ്ദേഹം കരുതുന്നു.

രണ്ടാമത്തെ കാര്യം, താന്‍ എല്ലായ്‌പ്പോഴും രാജ്യതാത്പര്യം മുന്‍നിര്‍ത്തിയും രാജ്യത്തെ ശാക്തീകരിക്കുന്നതിനും വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ നന്മയ്ക്കുവേണ്ടിയാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഈ വിഷയങ്ങളിലൂന്നിയാണ് അദ്ദേഹം പൊതുതെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് ഇറങ്ങുന്നത്. തന്റെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും രാജ്യത്തിന് പ്രഥമസ്ഥാനം നല്‍കിയിട്ടുണ്ടെന്നും ജനങ്ങള്‍ തനിക്ക് വീണ്ടും അധികാരത്തിലെത്തിക്കുമെന്നും അവസരം തരുമെന്നും അദ്ദേഹം കരുതുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’ വാഗ്ദനാം ചെയ്തതുപോലെയൊരു ‘അവിയല്‍’ സര്‍ക്കാരല്ല, മറിച്ച് സുസ്ഥിരവും പൂര്‍ണ ഭൂരിപക്ഷവുമുള്ള ഒരു സര്‍ക്കാരിനുവേണ്ടിയുള്ള പ്രതീക്ഷയാണ് ജനങ്ങളുടെ അടിസ്ഥാന വികാരമെന്ന് പ്രധാനമന്ത്രിയും കരുതുന്നു. അസ്ഥിരമായ കൂട്ടുകക്ഷി സര്‍ക്കാരുകളെയും അധികാര കേന്ദ്രങ്ങളെയും തിരഞ്ഞെടുക്കുന്നതില്‍നിന്ന് രാജ്യം മുന്നോട്ടുപോയെന്നും വിജയിക്കുന്ന പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിഭക്ഷം ലഭിക്കണമെന്നും അതിനാലാണ് വലിയ വികസനപ്രവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും നടപ്പാവുകയെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി അതിശക്തമായി വിശ്വസിക്കുന്നതായി ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രി ന്യൂസ് 18-നോട് പറഞ്ഞു.

സോണിയാ ഗാന്ധിക്ക് കീഴിലെ യുപിഎ 2004-ല്‍ ഒരു മഴവില്‍ സഖ്യത്തിന് വിജയിക്കാനായെങ്കിലും കാലം മാറിയെന്നും 2024-ല്‍ രാഹുല്‍ ഗാന്ധിക്ക് അമ്മയുടെ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ 2024-ല്‍ മികച്ച വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നതെന്നും ഇവിടെനിന്ന് മാത്രം 168 എംപിമാരെ ലോക്‌സഭയിലെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നെന്നും മറ്റൊരു മുതിര്‍ന്ന കേന്ദ്രമന്ത്രി ന്യൂസ് 18-നോട് പറഞ്ഞു. ”2014-നു സമാനമായി ഉത്തര്‍പ്രദേശ് തൂത്തുവരാന്‍ കഴിയും. 2019-ലേതുപോല എസ്പിയുമായും ബിഎസ്പിയുമായും ഇത്തവണ കൂട്ടുകെട്ടില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ യോഗി ആദിത്യനാഥ് ശക്തനാണ്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവും ഗ്യാന്‍വാപി വിഷയവും ബിജെപിയെ സഹായിക്കും. അഖിലേഷ് യാദവിന്റെ സ്ഥിതിയും പ്രതിച്ഛായയും രാഹുൽ ഗാന്ധിക്ക് സമാനമാണ്. ബിഹാറില്‍ നിതീഷ് കുമാറിന് വിശ്വാസ്യത നഷ്ടമായിരിക്കുന്നു. മഹാരാഷ്ട്രയിലാകട്ടെ, ശിവസേനയുടെയും എന്‍സിപിയുടെയും പുതിയ വിമതരുമായുള്ള കൂട്ടുകെട്ട് വലിയ വിജയം നേടുന്നതിന് സഹായിക്കും”, അദ്ദേഹം പറഞ്ഞു.

അഴിമതി, പ്രീണനരാഷ്ട്രീയം, കുടുംബാധിപത്യ രാഷ്ട്രീയം എന്നീ മൂന്ന് വിഷയങ്ങളില്‍ ഊന്നല്‍ കൊടുത്തുകൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയെ നേരിട്ട് ഉന്നമിട്ടു കൊണ്ടായിരുന്നു. 2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പുകളില്‍ ഇവയെങ്ങനെയാണ് വോട്ടര്‍മാര്‍ നിരസിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.

യുപിഎ കാലഘട്ടത്തിലുണ്ടായിരുന്ന തുടരെത്തുടരെയുള്ള ഭീകരാക്രമണവും ബോംബുസ്‌ഫോടനങ്ങളും തന്റെ സര്‍ക്കാര്‍ എപ്രകാരമാണ് ഇല്ലാതാക്കിയതെന്നും അദ്ദേഹം ചെങ്കോട്ടയിലെ പ്രസംഗത്തില്‍ വിവരിച്ചു. രാജ്യത്തെയും രാജ്യാതിര്‍ത്തികളെയും കൂടുതല്‍ സുരക്ഷിതമാക്കിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇതൊക്കെയാണ് 2024-ലെ പൊതുതിരഞ്ഞെടുപ്പിലും തന്റെ പാര്‍ട്ടി വിജയും നേടുമെന്നും അടുത്ത വര്‍ഷം ചെങ്കോട്ടയിലെ പ്രസം​ഗം താന്‍ തന്നെ നടത്തുമെന്നും മോദി വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കാനുള്ള കാരണങ്ങൾ.