ഓണത്തിന് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് ഓണസദ്യ. എന്നാല്‍ സദ്യ കഴിച്ചാല്‍ തടിവെക്കുമോ എന്ന ആശങ്കകാരണം പലപ്പോഴും ഡയറ്റ് പിന്തുടരുന്നവര്‍ ഓണസദ്യ ഒഴിവാക്കാറുണ്ട്. എന്നാല്‍, ഓണസദ്യ ആരോഗ്യകരമായി കഴിക്കാന്‍ സഹായകമാകുന്ന ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കാം.
സദ്യയില്‍ പരിപ്പ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. ഇതില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഇതില്‍ നിന്നും ലഭ്യമാണ്. കൂടാതെ, പെട്ടെന്ന് വയര്‍ നിറഞ്ഞെന്ന തോന്നലും പരിപ്പ് കഴിച്ചാല്‍ ഉണ്ടാകും. വിശപ്പു കുറയ്ക്കാനും അമിത ഭക്ഷണം ഒഴിവാക്കാനും പരിപ്പ് ഓണ സദ്യയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.
നെയ്യും ആരോഗ്യത്തിന് നല്ലതാണ്. പരിപ്പും നെയ്യും ഒഴിച്ച് ഊണ് കഴിയ്ക്കുന്നത് ചിട്ടകളില്‍ പ്രധാനവുമാണ്. ആരോഗ്യകരമായ കൊഴുപ്പായതിനാല്‍ തന്നെ നെയ്യ് ശരീരത്തിന് ഏറെ ഗുണം ചെയ്യും. സദ്യ കഴിച്ച് കഴിഞ്ഞുള്ള അസിഡിറ്റി ഉണ്ടാകുന്നത് ഒഴിവാക്കാനും ഒപ്പം നല്ല ദഹനത്തിനും നെയ്യ് സഹായിക്കും.
ആരോഗ്യപരമായ പല ഗുണങ്ങളും അടങ്ങിയതാണ് അവിയല്‍. പലതരം പച്ചക്കറികളും കൂടാതെ ജീരകം, കറിവേപ്പില തുടങ്ങിയ ആരോഗ്യകരമായ വസ്തുക്കളും ചേര്‍ന്നതാണ് അവിയല്‍. ഇതില്‍ ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കുന്നത് സ്വാദിന് മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. ഡയറ്റ് നോക്കുന്നവര്‍ ഓണസദ്യയ്ക്ക് അവിയലും ഉള്‍പ്പെടുത്താം.
ഡയറ്റ് നോക്കുന്നവര്‍ കുറച്ച് പോലും കഴിക്കാത്ത ഒന്നാണ് പായസം. മധുരവും കൊഴുപ്പുമെല്ലാം തടി കൂട്ടുന്നതിനും പ്രമേഹത്തിനും വഴിയൊരുക്കും. അതിനാല്‍, പായസം ഒഴിവാക്കിയതിന് ശേഷം ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണ്.