ഗാസയിൽ നിന്ന് ഏഴായിരത്തോളം വിദേശികളെയും ഇരട്ട പൗരത്വമുള്ളവരെയും ഒഴിപ്പിക്കാൻ സഹായം നൽകുമെന്ന് ഈജിപ്ത്
ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ റഫ അതിര്‍ത്തിയിലെ ക്രോസിങ് തുറന്നുകൊടുത്ത നടപടി ഗാസയിൽ അകപ്പെട്ടുപോയ സാധാരണക്കാർക്ക് വലിയ ആശ്വാസ വാർത്തയായിരിക്കുകയാണ്. ഇതോടെ ഗാസയിൽ നിന്ന് റഫ ക്രോസിംഗ് വഴി തങ്ങളുടെ പൗരന്മാരുടെ ആദ്യ സംഘത്തെ ഒഴിപ്പിക്കുന്നതായി ഒന്നിലധികം രാജ്യങ്ങൾ അറിയിച്ചു. ഇവിടെ നിന്ന് ഏകദേശം 7,000 വിദേശികളെയും ഇരട്ട പൗരത്വമുള്ളവരെയും ഒഴിപ്പിക്കാൻ സഹായം നൽകുമെന്നാണ് ഈജിപ്തിന്റെ വിദേശകാര്യ മന്ത്രാലയം ഉറപ്പു നൽകിയിരിക്കുന്നത്.
ഗാസയിൽ നിന്ന് റഫ ക്രോസിംഗിലൂടെ വിദേശ പൗരന്മാരെ സ്വീകരിക്കുന്നതിനും ഒഴിപ്പിക്കുന്നതിനും സൗകര്യമൊരുക്കാൻ ഈജിപ്ത് തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഇസ്മായിൽ ഖൈറത്ത് പറഞ്ഞു. വിദേശ നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഏകദേശം 60 ലധികം രാജ്യങ്ങളിലെ പൗരന്മാർ ഈ 7000ത്തോളം ആളുകളിൽ ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read-ഹമാസ് കമാൻഡർ ഇബ്രാഹിം ബാരിയെ വധിച്ചെന്ന് ഇസ്രായേൽ; ഗാസയിലെ അഭയാർത്ഥി ക്യാമ്പിനു നേരെയും ആക്രമണം
അതേസമയം ഇന്നലെ ഫ്രാൻസും യുകെയും യുഎസും തങ്ങളുടെ പൗരന്മാരുടെ ആദ്യ സംഘത്തെ റഫ ക്രോസിംഗ് വഴി ഗാസയിൽ നിന്ന് പുറത്തെത്തിച്ചതായി സ്ഥിരീകരിച്ചു. 20 ഓസ്‌ട്രേലിയൻ പൗരന്മാരെയും ബുധനാഴ്ച ഒഴിപ്പിച്ചതായി ഓസ്‌ട്രേലിയയുടെ വിദേശകാര്യ, വാണിജ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ 65 പൗരന്മാരെയും സ്ഥിര താമസക്കാരെയും അടുത്ത ബന്ധുക്കളെയും ഇനിയും ഒഴിപ്പിക്കാനുണ്ടെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ സഹമന്ത്രി ടിം വാട്ട്‌സ് പറഞ്ഞു. അവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇതുനുപുറമേ 36 ബൾഗേറിയൻ പൗരന്മാരും അവരുടെ കുടുംബാംഗങ്ങളും വിജയകരമായി ഗാസ വിട്ടതായി ബൾഗേറിയ സർക്കാരും അറിയിച്ചിട്ടുണ്ട് . റഫ ക്രോസിംഗിലൂടെയുള്ള ഒഴിപ്പിക്കൽ വളരെ സങ്കീർണ്ണമായിയിരുന്നെന്നും ഗാസ മുനമ്പ് വിട്ട ആദ്യ സംഘത്തിലെ എല്ലാ ബൾഗേറിയൻ പൗരന്മാരുടെയും നിലവിലെ അവസ്ഥ തൃപ്തികരമാണെന്നും ബൾഗേറിയൻ വിദേശകാര്യ മന്ത്രി മരിയ ഗബ്രിയേൽ പറഞ്ഞു. നിലവിൽ ചുരുങ്ങിയത് 320 വിദേശികളും ഗുരുതരമായി പരിക്കേറ്റ ഡസൻ കണക്കിന് ഗാസക്കാരും ഇവിടെ നിന്ന് പലായനം ചെയ്തതായും റിപ്പോർട്ടുണ്ട്.
Also read-‘ഗാസ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു’: ഐക്യരാഷ്ട്രസഭ
കൂടാതെ പരിക്കേറ്റ ചില പലസ്തീനികൾക്കും അമേരിക്കൻ പൗരന്മാർ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർക്കും ഗാസയിൽ നിന്ന് രക്ഷപ്പെടാൻ വഴിയൊരുക്കുന്നതിനുള്ള സഹായത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും അഭ്യർത്ഥിച്ചു. പൗരന്മാർക്ക് പുറത്തേക്കുള്ള പ്രവേശനം ഉറപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും ഈജിപ്ത് പ്രസിഡന്റ് സിസിയുമായും സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പൗരന്മാരെ ഒഴിപ്പിക്കാനായി പൂർണ പിന്തുണ നൽകിയ ഖത്തറിന് ബൈഡൻ നന്ദി അറിയിക്കുകയും ചെയ്തു. സംഘർഷഭരിതമായ ഗാസയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കുന്നതിനായി കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.