‘ഞങ്ങൾക്ക് വ്യക്തമായ തെളിവുണ്ട്’; ഗാസയിലെ ആശുപത്രി സ്ഫോടനത്തെക്കുറിച്ച് ഇന്ത്യയിലെ ഇസ്രായേൽ പ്രതിനിധി


ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഗാസയിൽ ആശുപത്രിക്ക് നേരെ വ്യോമാക്രമണം നടത്തിയത് ലോകമെമ്പാടും പ്രതിഷേധങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ഇവിടെ വൻ സ്ഫോടനം നടന്നത്. ഈ ആക്രമണത്തിൽ നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. എന്നാൽ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്വം പൂർണ്ണമായും ഇസ്രായേൽ സൈന്യം നിഷേധിച്ചിരിക്കുകയാണ്. ദിശ തെറ്റി പതിച്ച പലസ്തീൻ റോക്കറ്റാണ് ഈ സ്ഫോടനത്തിന് കാരണമെന്നാണ് ഇസ്രായേലിന്റെ ആരോപണം.

അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഉൾപ്പെടെയുള്ള ലോക നേതാക്കൾ ആക്രമണത്ത അപലപിച്ചു. ഇതിനിടെ ഈ ആക്രമണം സംബന്ധിച്ച വ്യക്തമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഇന്ത്യയിലെ ഇസ്രായേൽ പ്രതിനിധി നൗർ ഗിലോൺ രംഗത്തെത്തി. പലസ്തീൻ, അൽ അഹ്‌ലി ഹോസ്പിറ്റലിലെ സാധാരണക്കാരെയാണ് ഇതിലൂടെ ലക്ഷ്യം വെച്ചതെ ഗിലോൺ ആരോപിച്ചു. “പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ആണ് അൽ അഹ്‌ലി ഹോസ്പിറ്റലിൽ പതിച്ചത്. ലോകമെമ്പാടുമുള്ള പലരും അവരുമായി സഹകരിക്കുന്നത് ദയനീയമാണെന്നും” അദ്ദേഹം പറഞ്ഞു.

പലസ്തീൻ ഇസ്ലാമിക് ജിഹാദ് റോക്കറ്റാണ് ആക്രമണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തമായ തെളിവുകൾ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ പൗരന്മാരെ കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ദുരുപയോഗം ചെയ്യുകയും ചെയ്ത ഹമാസ് നിലവിൽ ഇസ്രായേൽ പ്രതിരോധ സേനയെ നേരിടാൻ ഭയക്കുന്നുണ്ടെന്നും ഗിലോൺ ചൂണ്ടിക്കാട്ടി. അവർ അന്താരാഷ്ട്രതലത്തിൽ സമ്മർദ്ദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഇസ്രായേൽ പ്രതിനിധി കൂട്ടിച്ചേർത്തു.

അൽ-അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ സ്‌ഫോടനം നടക്കുമ്പോൾ പ്രദേശത്ത് വ്യോമ, കര, നാവിക ആക്രമണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഇതോടൊപ്പം ഇസ്രായേൽ ആയുധങ്ങളുമായി സാമ്യമില്ലാത്ത സ്ഫോടനത്തിന്റെ സൈനിക ഡ്രോൺ ശേഖരിച്ച ആകാശ ദൃശ്യങ്ങൾ ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പങ്കുവച്ചു. ആശുപത്രി കെട്ടിടത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലാണ് സ്‌ഫോടനമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഒക്ടോബർ 7 ന് ആരംഭിച്ച സംഘർഷം ഇരുപക്ഷത്തിനും മാരകമായ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. യുദ്ധത്തിൽ 2,778 പലസ്തീനികൾ കൊല്ലപ്പെടുകയും 9,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ഗാസയുടെ വിവിധ മേഖലകളിൽ 1,200 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും കണക്കാക്കുന്നുണ്ട്. 1,400-ലധികം ഇസ്രായേൽ പൗരന്മാരും കൊല്ലപ്പെട്ടു. ഏകദേശം 199 ഓളം പേരെ ഹമാസ് പിടികൂടി ഗാസയിൽ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.