പാഴ്സലില്‍ വ്യാജപാസ്പോര്‍ട്ടും എംഡിഎംഎയും; ‘കസ്റ്റംസ് ഉദ്യോഗസ്ഥര്‍’ വഴി ചാർട്ടേർഡ് അക്കൗണ്ടന്റിന് നഷ്ടമായത് 2 കോടി രൂപ
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റിന് സാമ്പത്തിക തട്ടിപ്പിലൂടെ നഷ്ടമായത് 2 കോടി രൂപ. കസ്റ്റംസ് ഡ്യൂട്ടി ഓഫീസർമാരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ എത്തിയത്. വാട്സ്ആപ്പ് മെസേജുകളിലൂടെയാണ് ഇവർ ഇരയെ ആദ്യം ബന്ധപ്പെട്ടത്. ചാർട്ടേർഡ് അക്കൗണ്ടന്റിനു വന്ന ഒരു പാഴ്സലിൽ വ്യാജ പാസ്പോർട്ടുകളും നിരോധിത മരുന്നായ 75 ഗ്രാം എംഡിഎംഎയും ഉണ്ടെന്നാണ് തട്ടിപ്പുകാർ ആദ്യം അറിയിച്ചത്.
പാഴ്സൽ നൽകിയില്ലെങ്കിൽ പ്രശ്നമാകുമെന്നും നിയമനടപടി നേരിടേണ്ടി വരുമെന്നും തട്ടിപ്പുകാർ ഇരയോട് പറഞ്ഞതായും ദി ഹിന്ദുവിന്റെ റിപ്പോർട്ടിൽ പറയുന്നു. നവംബർ രണ്ടിനാണ് സംഭവം നടന്നത്.
ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ഭയവും നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയും തട്ടിപ്പുകാർ ചൂഷണം ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പാഴ്സൽ ക്ലിയർ ചെയ്യാനും നിയമനടപടികളിൽ നിന്ന് രക്ഷപെടാനും കസ്റ്റംസ് ഡ്യൂട്ടി നൽകണമെന്ന് തട്ടിപ്പുകാർ ഇരയെ പറഞ്ഞു വിശ്വസിപ്പിച്ചു. തട്ടിപ്പ് തിരിച്ചറിയാനാകാതെ പരിഭ്രാന്തനായ സിഎക്കാരൻ ഈ നിർദേശങ്ങൾ അതേപടി അനുസരിക്കുകയായിരുന്നു. തുടർന്ന് 2.25 കോടിയാണ് ഇയാൾ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയത്.
കേസ് സി.ബി.ഐക്ക് കൈമാറിയെന്നും ഇര തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി തന്റെ ബാങ്ക് അക്കൗണ്ടിലെ സമ്പാദ്യത്തിന്റെ 75 ശതമാനമാണ് ചാർട്ടേർഡ് അക്കൗണ്ടന്റ് നൽകിയത്. ആറ് ബാങ്ക് അക്കൗണ്ടുകളിലേക്കായാണ് തുക അയച്ചുകൊടുത്തത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിശോധനകൾക്ക് ശേഷം പണം തിരികെ നൽകുമെന്നും തട്ടിപ്പുകാർ പറഞ്ഞിരുന്നു.
ആദ്യഗഡു അയച്ചതിനു പിന്നാലെ ധനമന്ത്രാലയത്തിന്റെ പേരിൽ ചാർട്ടേർഡ് അക്കൗണ്ടന്റിന് വ്യാജ രസീത് ലഭിച്ചിരുന്നു. ബാക്കിയുള്ള ഗഡു അടുത്ത രണ്ട് ദിവസങ്ങളിലായി അയച്ചു. ഇങ്ങനെ ആറ് ബാങ്ക് അക്കൗണ്ടുകളിലേക്കായി ആകെ 2.25 കോടി രൂപ ട്രാൻസ്ഫർ ചെയ്തു.
തട്ടിപ്പുകാർ ഭീഷണിപ്പെടുത്താനും കൂടുതൽ പണം ആവശ്യപ്പെടാനും തുടങ്ങിയതോടെയാണ് ചാർട്ടേർഡ് അക്കൗണ്ടന്റിന് സംശയം തോന്നിയത്. തുടർന്ന് ഇയാൾ വിവരം പോലീസിൽ അറിയിച്ചു. പോലീസ് കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.