ബെൽജിയത്തിൽ രണ്ടു ഫുട്ബോൾ ആരാധകരെ വെടിവെച്ചുകൊന്നയാളെ പൊലീസ് വെടിവെച്ചു കൊന്നു


ബ്രസൽസ്: ബെൽജിയത്തിൽ സ്വീഡൻകാരായ രണ്ടു ഫുട്ബോൾ ആരാധകരെ വെടിവെച്ചുകൊന്നയാളെ പൊലീസ് വെടിവെച്ചുകൊന്നു. ഒരു കഫെയിൽ വെച്ചാണ് ടുണീഷ്യക്കാരനായ അക്രമിയെ പൊലീസ് വധിച്ചത്. 45 കാരനായ അക്രമി, ഇസ്ലാമിക് സ്റ്റേറ്റ് അംഗമാണെന്ന് സ്വയം അവകാശപ്പെട്ടു ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി സെൻട്രൽ ബ്രസൽസിൽ മറ്റൊരു സ്വീഡിഷ് പൗരനെ ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതായും പൊലീസ് സംശയിക്കുന്നു.

“ഭീകരർ നമ്മളെ ഭയപ്പെടുത്തി അനുസരിപ്പിക്കാനും നിശബ്ദരാക്കാനും ആഗ്രഹിക്കുന്നു. അത് സംഭവിക്കില്ല,” സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ സ്റ്റോക്ക്ഹോമിൽ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ഇത് കൂടുതൽ സുരക്ഷയ്ക്കുള്ള സമയമാണ്, ഞങ്ങൾക്ക് നിഷ്കളങ്കരാകാൻ കഴിയില്ല,” സ്വീഡനും യൂറോപ്യൻ യൂണിയനും അവരുടെ അതിർത്തികൾ സംരക്ഷിക്കേണ്ടതുണ്ടെന്ന് ക്രിസ്റ്റേഴ്സൺ പറഞ്ഞു.

ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട ചില യൂറോപ്യൻ രാജ്യങ്ങളിൽ സുരക്ഷാ ആശങ്കകൾ ഉയർന്ന സമയത്താണ് ബെൽജിയത്തിൽ വെടിവയ്പ്പ് നടന്നത്, എന്നാൽ ഇസ്രായേലും പാലസ്തീൻ തീവ്രവാദികളും തമ്മിലുള്ള സംഘർഷവുമായി ആക്രമണകാരിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിവുകളില്ലെന്ന് ബെൽജിയൻ ഫെഡറൽ പ്രോസിക്യൂട്ടർ പറഞ്ഞു.

ഓഗസ്റ്റിൽ, സ്വീഡൻ അതിന്റെ ഭീകരവാദ മുന്നറിയിപ്പ് രണ്ടാമത്തെ ഉയർന്ന തലത്തിലേക്ക് മാറ്റിയിരുന്നു. ഖുറാൻ കത്തിക്കുന്ന സംഭവങ്ങളിൽ മുസ്ലീങ്ങൾ പ്രകോപിതരാണെന്നും, ജിഹാദികളിൽ നിന്ന് ഭീഷണിയുണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. സ്വദേശത്തും വിദേശത്തും സ്വീഡിഷുകാർക്കെതിരായ ഭീഷണികൾ വർദ്ധിക്കുമെന്നും ഈ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ, ഒരു പത്രത്തിന്‍റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ തെരുവിൽ സ്‌കൂട്ടറിലെത്തിയ, ഓറഞ്ച് ജാക്കറ്റ് ധരിച്ച ഒരാൾ റൈഫിൾ ഉപയോഗിച്ച് ആദ്യം അഞ്ച് തവണ വെടിയുതിർക്കുകയും പിന്നീട് വീണ്ടും വെടിവയ്ക്കുകയും ചെയ്യുന്നത് കാണാം. ഈ സമയം ആളുകൾ ചിതറിയോടുകയും സമീപത്തെ കെട്ടിടത്തിലേക്ക് ഓടിക്കയറുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന ബെൽജിയവും സ്വീഡനും തമ്മിലുള്ള ഫുട്ബോൾ മത്സരം മാറ്റിവെച്ചിരുന്നു.