സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത: ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. വരും മണിക്കൂറുകളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ വടക്കൻ ജില്ലകളിൽ ശക്തമായ മഴ അനുഭവപ്പെട്ടേക്കാം. എന്നാൽ, ഒരു ജില്ലയ്ക്കും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്ന കിഴക്കൻ കാറ്റിന്റെയും, കോമറിൻ മേഖലയ്ക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. അതേസമയം, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ 0.8 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.