2024ലെ ലണ്ടനിലെ മേയർ തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ വംശജനായ തരുൺ ഗുലാത്തി. കഴിഞ്ഞ 20 വർഷമായി ലണ്ടനിൽ ജീവിക്കുന്ന ഗുലാത്തിക്ക് ലണ്ടന്റെ പുരോഗതിക്കായി നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. ലണ്ടനെയും ലണ്ടനിലെ ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്നതിന് നിരവധി വികസന പദ്ധതികൾ നടപ്പാക്കാൻ 63 കാരനായ ഗുലാത്തിയ്ക്ക് കഴിയുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു.
നഗരത്തിലെ താഴ്ന്ന വിഭാഗത്തിനും മധ്യവർഗക്കാർക്കും വേണ്ടി പ്രവർത്തിക്കാനും അവരുടെ ജീവിതത്തിൽ പുരോഗതിയുണ്ടാക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ തനിയ്ക്ക് കഴിയുമെന്നും തന്റെ ആശയങ്ങൾ ഇലക്ഷനിൽ എതിരാളിയായ പാകിസ്ഥാൻ വേരുകളുള്ള ലണ്ടന്റെ ഇപ്പോഴത്തെ മേയർ സാദിഖ് ഖാന് എതിരെ വിജയം കൈവരിക്കാൻ തന്നെ സഹായിക്കുമെന്നും ഗുലാത്തി വിശ്വസിക്കുന്നു.”പല രാജ്യങ്ങളിൽ നിന്നുള്ള നിരവധി ജനങ്ങൾ ഇവിടെ ജീവിക്കുന്നു, അവർക്കിടയിൽ നല്ല രീതിയിലുള്ള സഹകരണം വളർത്താൻ എനിക്ക് കഴിയുമെന്ന് കരുതുന്നുവെന്നും” ഗുലാത്തി പറഞ്ഞു.
മൂന്നാം വട്ടവും മേയർ മത്സരത്തിനായി ഇറങ്ങുന്ന ഖാന് പ്രധാന വെല്ലുവിളി ULEZ എന്ന നയമാണ്. പ്രധാന നിർമ്മാണ നിർദേശങ്ങളും മറ്റും പാലിക്കാതെ നിരത്തിൽ ഓടുന്ന വണ്ടികൾ ദിവസവും 12.50 പൌണ്ട് നൽകണം എന്നതായിരുന്നു ഖാൻ നടപ്പാക്കിയ നയം. ഇത് വളരെയേറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഒരു സ്വാതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് ഗുലാത്തി ആലോചിക്കുന്നത്. ടോറിയുടെ സ്ഥാനാർഥിയായി സൂസൻ ഹിൽ നിൽക്കുമ്പോൾ, ലണ്ടന്റെ ആദ്യ വനിതാ മേയർ ആകാനുള്ള ആഗ്രഹമാണ് ഹില്ലിനുള്ളത്.
ലിബറൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായി റോബ് ബ്ലാക്കിയും മത്സര രംഗത്തുണ്ട്. 2024 മെയ് രണ്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുക. ലണ്ടനെ ജന്മ നാടായി കരുതുന്ന നിരവധി രാജ്യങ്ങളിലെ ജനങ്ങൾ ഇവിടെയുണ്ട്, അവരുടെ ആ വിശ്വാസം അവസരമായി മാറ്റാനാണ് ഞാൻ ശ്രമിക്കുക. പല രാജ്യങ്ങൾ സന്ദർശിക്കുകയും ലണ്ടന്റെ പുരോഗതിക്കായി അവരുമായി സഹകരണം സൃഷ്ടിക്കുകയും ചെയ്യും ” എന്നും ക്യാമ്പയിന്റെ ഭാഗമായുള്ള രാജ്യ സന്ദർശനങ്ങൾക്ക് ഇടയിൽ ഗുലാത്തി പറഞ്ഞു.
” എന്റെ ക്യാമ്പെയിൻ തുടങ്ങാൻ ഹൈദരാബാദിനെക്കാളും നല്ലൊരു സ്ഥലം വേറെ ഇല്ല. സാംസ്‌കാരികപരമായും സാമൂഹിക പരമായും വളരെ പുരോഗതി കൈവരിച്ച ഈ നഗരം സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച അവസരങ്ങൾ നൽകുന്നു ” എന്നും ഗുലാത്തി പറഞ്ഞു. ബാലാജി ചിൽകുർ ക്ഷേത്ര സന്ദർശന വേളയിലാണ് ഗുലാത്തിയുടെ പ്രതികരണം. 2024 മാർച്ച് മാസമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഡെപ്പോസിറ്റായി 10,000 പൌണ്ടും നൽകണം.