ന്യൂഡല്‍ഹി: ഹമാസിന്റെ തീവ്രവാദ ആക്രമണത്തിനെതിരെ ഇസ്രായേലിനൊപ്പം ഇന്ത്യ നിലയുറപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതൊരു ഭീകരാക്രമണമാണെന്നും ഇസ്രായേലിന്റെ എന്ത് ആവശ്യത്തിനും ഇന്ത്യ കൂടെയുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ മുതലാണ് ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ ആക്രമണം ആരംഭിച്ചത്. നിരവധി ഇസ്രായേലി പൗരന്‍മാർ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിൽ പട്ടാളക്കാരും ഉള്‍പ്പെടുന്നു. 1900 ലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസാമുനമ്പിലും നിരവധി പേർ കൊല്ലപ്പെട്ടു. 1500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
“ഇന്ത്യന്‍ ദൗത്യങ്ങളിലും സഹായങ്ങളിലും ഒരു കുറവുമുണ്ടാകില്ല. സ്ഥിതി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. ഇരുരാജ്യങ്ങളുമായും സംസാരിക്കും. സമാധാനം സ്ഥാപിക്കുകയാണ് മുന്നിലുള്ള ഏക വഴി,” കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Also read: ഇസ്രായേൽ – ഹമാസ് സംഘർഷം: ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ ഏതെല്ലാം; ഹമാസിനൊപ്പം ആരൊക്കെ?
ഇസ്രായേലിലേക്കുള്ള ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായേലി പൗരന്‍മാരുടെ ആത്മശാന്തിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.
ഏകദേശം 18000ഓളം ഇന്ത്യക്കാര്‍ ഇസ്രായേലിലുണ്ട്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്രായേലില്‍ അകപ്പെട്ട ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള നടപടികള്‍ ശക്തമാക്കി ഇന്ത്യന്‍ എംബസിയും മുന്നിലുണ്ട്.
ഇന്ത്യയിലേക്ക് തിരിച്ച് പോകണമെന്ന അഭ്യര്‍ത്ഥനയുമായി നിരവധി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ എംബസിയെ സമീപിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പായി എത്തിയവരാണ് സഞ്ചാരികളില്‍ അധികവും. ഇന്ത്യന്‍ ബിസിനസുകാരും ഇസ്രായേലില്‍ അകപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് എംബസി നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാനുള്ള വിവരങ്ങളും എംബസി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവിൽ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെതിരെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 370 പലസ്തീനികളും മരിച്ചു. പോരാട്ടം ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. നിരവധി ഇസ്രായേലി പൗരന്മാരെ തട്ടിക്കൊണ്ടുവന്നതായി ഹമാസും വ്യക്തമാക്കിയിട്ടുണ്ട്.
സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയയുവതിയെ ഹമാസ് സംഘം തട്ടിക്കൊണ്ടുപോയെന്നുംറിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ സ്വദേശിനിയാണ് യുവതി. ഇസ്രായേലിലെ തന്നെ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴായിരുന്നു യുവതിയെ ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോയത്. തന്നെ കൊല്ലരുതെന്ന്യാചിക്കുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
‘ എന്നെ കൊല്ലരുത്’ എന്ന് യുവതി നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. നോവ അര്‍ഗാമനി എന്നാണ് ഈ യുവതിയുടെ പേര്. ഇസ്രായേലിന് സമീപമുള്ള ഗാസ അതിര്‍ത്തിയിലെ ഒരു മ്യൂസിക് ഫെസ്റ്റിവിലിലാണ് നോവ പങ്കെടുത്തത്. അപ്പോഴായിരുന്നു ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. നോവയെ ഗാസയിലേക്ക് എത്തിച്ചിട്ടുണ്ട്. നിലവില്‍ അവരെ ബന്ദിയാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Summary: India stands by Israel in the Hamas terror attack