ടെൽഅവീവ്: ഗാസയിൽ ഇസ്രായേൽ ഉപരോധം ശക്തമാക്കിയതിനെതിരെ ഉണ്ടായ പ്രതിഷേധം യുദ്ധത്തിലേക്ക് നീങ്ങുന്നു. ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിലേക്ക് ഹമാസ് നിരവധി റോക്കറ്റുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ സേന യുദ്ധത്തിന് സജ്ജമാകാൻ നിർദേശം നൽകി. അതിനിടെ അതിർത്തയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ റിപ്പോർട്ട് പ്രകാരം ഇസ്രയേലിൽ അഗ്നിബാധയെക്കുറിച്ചുള്ള മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
‘ഓപ്പറേഷൻ അൽ-അഖ്‌സ ഫ്ലഡ്’ ആരംഭിച്ചപ്പോൾ 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസ് ആംഡ് വിംഗ് പറഞ്ഞു. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്. ദക്ഷിണ ഇസ്രായേലിൽ ബന്ദികളാക്കിയ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗാസ അതിർത്തിയിൽ ആഴ്ചകളോളം തുടർന്ന പ്രതിഷേധം പെട്ടെന്ന് യുദ്ധത്തിലേക്ക് മാറുകയായിരുന്നു. ഇന്ന് രാവിലെ മുതൽ ഇസ്രായേലിനെതിരെ വൻ ആക്രമണങ്ങളാണ് ഹമാസ് നടത്തുന്നതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. രണ്ടു മണിക്കൂറിനിടെ നൂറുകണക്കിന് റോക്കറ്റുകളാണ് തങ്ങളുടെ നേർക്ക് വന്നതെന്ന് ഇസ്രായേൽ പറയുന്നു.
ഹമാസ് ഭീകരർ പാരാഗ്ലൈഡറുകൾ ഉപയോഗിക്കുകയും ഗാസ മുനമ്പ് അതിർത്തിക്ക് സമീപം ഐഡിഎഫ് സേന ഉപയോഗിച്ചിരുന്ന ഗേറ്റുകൾ ബലപ്രയോഗത്തിലൂടെ തകർക്കുകയും ചെയ്തതായി ഇസ്രായേലി പത്രമായ ഹാരെറ്റ്‌സിന്റെ റിപ്പോർട്ട് പറയുന്നു. തെക്കൻ നഗരമായ സ്‌ഡെറോട്ടിൽ ഹമാസിൽ നിന്നുള്ള ഭീകരർ കാൽനടയായി നീങ്ങുന്നത് കണ്ടതായി പ്രദേശവാസികൾ ഹ്രസ്വ വീഡിയോയിൽ പറയുന്നു.
ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ മൈക്രോബ്ലോഗിംഗ് സൈറ്റായ X-ൽ ഇങ്ങനെ കുറിച്ചു, “ജൂതന്മാരുടെ അവധിക്കാലത്ത് ഇസ്രായേൽ ഗാസയിൽ നിന്നുള്ള സംയുക്ത ആക്രമണത്തിന് വിധേയമാണ്. ഹമാസ് ഭീകരർ റോക്കറ്റാക്രമണവും നുഴഞ്ഞുകയറ്റവും നടത്തുന്നുണ്ട്. സ്ഥിതി ലളിതമല്ല, പക്ഷേ ഇസ്രായേൽ വിജയിക്കും”.
ഇസ്രയേലി വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, ഗാസ അതിർത്തിക്കടുത്തുള്ള ഒരു ചെറിയ പട്ടണമായ കിബ്ബട്ട്സ് ബീറിയിലെ താമസക്കാരിയായ സ്ത്രീ, താൻ വെടിയൊച്ച കേട്ടതായും പട്ടണത്തിലെ തെരുവുകളിൽ തീവ്രവാദികൾ വിഹരിക്കുന്നതായും പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.