സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാപാരത്തിന് നിരോധനം; ടിക് ടോക്ക് ഷോപ്പിന് തിരിച്ചടി


സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാപാരം നിരോധിച്ച് ഇന്തോനേഷ്യ. പ്രമുഖ ടെക് സ്ഥാപനങ്ങളുടെ നേരിട്ടുള്ള വില്‍പ്പന തടയുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്തോനേഷ്യൻ വ്യാപാര മന്ത്രി പറഞ്ഞു. ഇത്തരം കമ്പനികളുടെ നേരിട്ടുള്ള വ്യാപാരം ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ, ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരസ്പരം വേര്‍പ്പെടുത്തണമെന്ന് ചില ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

ചില പ്ലാറ്റ്‌ഫോമുകളുടെ കുത്തക വ്യാപാരം സാധാരണക്കാരായ വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ”വ്യാപാര നിയന്ത്രണം പ്രാബല്യത്തിൽ വന്നതായി,” ഇന്തോനേഷ്യൻ വ്യാപാര മന്ത്രി സുല്‍കിഫ്‌ലി ഹസന്‍ പറഞ്ഞു. പുതിയ നിയമവുമായി സഹകരിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നേരിട്ട് വ്യാപാര ഇടപാടുകള്‍ നടത്താനാകില്ല. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രോഡക്ടുകളുടെ പ്രമോഷന്‍ നടത്താന്‍ മാത്രമേ കഴിയുകയുള്ളൂ.

പുതിയ നിയന്ത്രണത്തിന് മുമ്പ് ഫേസ്ബുക്ക്, ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നേരിട്ടുള്ള വ്യാപാര ഇടപാടുകള്‍ ഉള്‍ക്കൊള്ളുന്ന നിയമമായിരുന്നില്ല ഇന്തോനേഷ്യയില്‍ നിലനിന്നിരുന്നത്. ഇന്തോനേഷ്യയിലെ പുതിയ നിയന്ത്രണം ടിക് ടോക്കിനും തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ടിക് ടോക്ക് ഷോപ്പിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്തോനേഷ്യ. ടിക് ടോക്കിന്റെ ഇ-കൊമേഴ്‌സ് വിഭാഗം ആദ്യമായി പൈലറ്റ് റണ്‍ നടത്തിയതും ഇന്തോനേഷ്യയിലാണ്.