യുഎസ്-ഇറാന്‍ തടവുകാരുടെ കൈമാറ്റത്തെത്തുടര്‍ന്ന് മുമ്പ് യുഎസ് മരവിപ്പിച്ച ഇറാന്റെ 6 ബില്യണ്‍ ഡോളര്‍ ഫണ്ട് ഖത്തര്‍ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായി റിപ്പോര്‍ട്ട്.
” ആറ് ബില്യണ്‍ ഡോളര്‍ സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നും ഖത്തറിലെ ബാങ്ക് അക്കൗണ്ടില്‍ എത്തിയ വിവരം ഖത്തര്‍ ഭരണകൂടം യുഎസ്-ഇറാന്‍ പ്രതിനിധികളെ അറിയിച്ചതായി” അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി ഇറാനില്‍ തടവിലാക്കപ്പെട്ട യുഎസ് പൗരന്‍മാരെ കൊണ്ടുപോകാനായി ഖത്തര്‍ വിമാനം എത്തിയിരുന്നു. അഞ്ച് യുഎസ് പൗരന്‍മാരെയും രണ്ട് ബന്ധുക്കളെയും ദോഹയിലേക്ക് എത്തിക്കാന്‍ ഖത്തര്‍ വിമാനം സജ്ജമാക്കിയിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കാനിരിക്കെയാണ് തടവുകാരുടെ കൈമാറ്റം. തിങ്കളാഴ്ചയോടെ തടവുകാരെ കൈമാറ്റം ചെയ്യുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് നാസര്‍ ഖനാനി പറഞ്ഞിരുന്നു. കൈമാറ്റത്തിന് പകരം ലഭിക്കുന്ന പണം ഇപ്പോള്‍ ഖത്തറിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
” തടവുകാരുടെ കൈമാറ്റം തിങ്കളാഴ്ച നടക്കും. അഞ്ച് ഇറാനിയന്‍ പൗരന്‍മാരെ യുഎസ് ജയിലുകളില്‍ നിന്ന് തിങ്കളാഴ്ചയോടെ മോചിപ്പിക്കും. ഇറാനിലുണ്ടായിരുന്ന അഞ്ച് യുഎസ് തടവുകാരെയും മോചിപ്പിക്കും. അവരെ യുഎസിന് കൈമാറും. ഈ രണ്ട് പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ഇറാനിയന്‍-അമേരിക്കന്‍ പൗരന്‍മാര്‍ വീട്ടുതടങ്കലിലാണെന്ന് ഇറാന്‍ പറഞ്ഞതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. അതേസമയം മരവിപ്പിച്ച ആസ്തികള്‍ യൂറോയിലേക്ക് മാറ്റാന്‍ ദക്ഷിണ കൊറിയന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. അമേരിക്കയ്ക്കും ഇറാനും ഇടയിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചത് ഖത്തറായിരുന്നു. അതിനാല്‍ ഈ തുക ഖത്തറിലേക്ക് അയയ്ക്കുകയായിരുന്നു.
അതേസമയം തടവുകാരെ കൈമാറിയ നടപടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ വിമര്‍ശനമുന്നയിച്ച് റിപ്പബ്ലിക്കന്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. യുഎസിനും മിഡില്‍ ഈസ്റ്റിലെ സഖ്യകക്ഷികള്‍ക്കും ഭീഷണിയായി ഉയര്‍ന്നുവരുന്ന രാജ്യമാണ് ഇറാന്‍ എന്നും ഈ സാഹചര്യത്തില്‍ ഇറാന്റെ സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കുന്ന നടപടിയാണ് ബൈഡന്‍ സ്വീകരിച്ചതെന്നുമാണ് വിമര്‍ശനം.
ഇറാന്‍ പൗരന്‍മാരായ സിയാമാക് നമാസി, ഇമാദ് ഷാര്‍ഗി, മൊറാദ് തഹ്ബാസ് എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് യുഎസ് കൈമാറ്റം ചെയ്തത്. 1979 മുതല്‍ ഇരുരാജ്യങ്ങളും തടവുകാരെ കൈമാറ്റം ചെയ്ത് വരുന്നുണ്ട്. 2016ലാണ് ഏറ്റവും അവസാനമായി തടവുകാരെ കൈമാറാനുള്ള കരാറിലെത്തിയത്.