ഈ രാജ്യക്കാർക്ക് ചൈനയിലേക്ക് വിസ ഇല്ലാതെ പ്രവേശനം, അറിയാം കൂടുതൽ വിവരങ്ങൾ


വിനോദ സഞ്ചാരത്തിനും മറ്റ് ആവശ്യങ്ങൾക്കും ചൈനയിലേക്ക് എത്തുന്ന വിദേശികൾക്ക് സന്തോഷ വാർത്ത. തിരഞ്ഞെടുത്ത രാജ്യങ്ങൾക്ക് ചൈനയിലേക്ക് വിസ രഹിത സേവനമാണ് ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 6 രാജ്യങ്ങൾക്കാണ് സൗജന്യ വിസ സേവനം ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് വിസ ഇല്ലാത്ത പ്രവേശനം ലഭ്യമാക്കിയിട്ടുള്ളത്. ഫ്രാൻസ്, ഇറ്റലി, ജർമ്മനി, നെതർലാൻഡ്, സ്പെയിൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ചൈനയിൽ വിസ ഇല്ലാതെ എത്താൻ കഴിയുക.

പരമാവധി 15 ദിവസം വരെയുള്ള സന്ദർശനത്തിനാണ് വിസ ഒഴിവാക്കിയിരിക്കുന്നത്. ഡിസംബർ 1 മുതൽ ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് വിസ രഹിത സേവനം ചൈന നടപ്പാക്കുന്നത്. ഇത് വിജയകരമാണെങ്കിൽ, തീയതി വീണ്ടും ദീർഘിപ്പിക്കുന്നതാണ്. കൂടാതെ, കൂടുതൽ രാജ്യങ്ങൾക്ക് വിസ ഇല്ലാതെ പ്രവേശനം ഉറപ്പുവരുത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപം ഉയർത്തുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്ത് പകരുക എന്നീ ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് സൗജന്യ വിസ ലഭ്യമാക്കുന്നത്.