ഇസ്രായേൽ-ഹമാസ് യുദ്ധം: ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം, പലസ്തീൻ ജനങ്ങൾക്കായുള്ള സഹായം തുടരുമെന്ന് കേന്ദ്രം


ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം അയച്ചു. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങൾ അയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിർത്തി വഴി ഗാസയിലെത്തിക്കുകയാണ് ചെയ്യുക. പലസ്തീൻ ജനങ്ങൾക്കായുള്ള സഹായം തുടരുമെന്ന് കേന്ദ്രം അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി.17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്. 32 ടൺ സഹായശേഖരങ്ങളാണ് അയച്ചതെന്ന് വിദേശാകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ എക്‌സിൽ കുറിച്ചു. പലസ്തീൻ ജനതയ്ക്കായുള്ള മാനുഷിക സഹായം നൽകുന്നത് തുടരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സഹായവസ്തുക്കളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഇതുവരെ 12,000-ത്തിലധികം ആളുകളാണ് പലസ്തീനിൽ കൊല്ലപ്പെട്ടിരിക്കുന്നത്. പലസ്തീനിൻ മാനുഷിക സഹായം എത്തിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിൽ തന്നെയുണ്ട്. ഒക്‌ടോബർ 22 ന്, യുദ്ധത്തിനിടയിൽ ദുരിതമനുഭവിക്കുന്ന പലസ്തീനികൾക്കായി 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്തനിവാരണ സാമഗ്രികളും അടങ്ങിയ ആദ്യ ബാച്ച് ഇന്ത്യ അയച്ചു. അവശ്യ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവയും സഹായത്തിൽ ഉൾപ്പെടുന്നു.

യുദ്ധം അതിന്റെ ഏഴാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫ പ്രവർത്തനം തുടരാൻ പാടുപെടുകയാണ്. ഇത് യുദ്ധത്തിന്റെ കേന്ദ്രബിന്ദുവായി മാറി. ഇന്ധനക്ഷാമം മൂലം പവർ കട്ട് ഉണ്ടാവുകയും ഇത് മൂലം ഡസൻ കണക്കിന് ആളുകൾ ആശുപത്രിയിൽ മരിച്ചതായി ഗാസയിലെ ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.