ഇസ്രായേലും ഫലസ്തീൻ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള നാല് ദിവസത്തെ ഉടമ്പടിയുടെ മൂന്നാം ദിവസം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച ഗാസ മുനമ്പിൽ ഇസ്രായേൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി. 50 ദിവസം മുമ്പ് തുടങ്ങിയ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം സൈനികരോട് പറഞ്ഞു. താൽകാലിക വെടിനിർത്തൽ അവസാനിച്ചയുടൻ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഒന്നിനും ഞങ്ങളെ തടഞ്ഞുനിർത്താനാകില്ല. ഞങ്ങൾക്ക് അധികാരവും ശക്തിയുമുണ്ടെന്ന് തെളിയിച്ചുകഴിഞ്ഞു. യുദ്ധത്തിൽ ലക്ഷ്യം നേടാതെ പിൻവാങ്ങില്ല. അതിനു വേണ്ടി എന്തും ചെയ്യും’, നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ നീട്ടുന്നതിനെ അനുകൂലിക്കുന്നതായും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഞായറാഴ്ച 39 ഫലസ്തീനികളെയാണ് ഇസ്രായേൽ മോചിപ്പിച്ചത്.
അതേസമയം, ഗാസയിലെ വെടിനിര്‍ത്തലിന് പിന്നാലെ തടവിലാക്കിയ ഇസ്രായേല്‍ ബന്ദികളുടെ ആദ്യ സംഘത്തെ ഹമാസ് വിട്ടയച്ചിരുന്നു. വെള്ളിയാഴ്ചയാണ് സംഘത്തെ ഹമാസ് മോചിപ്പിച്ചത്. സംഘര്‍ഷം തുടങ്ങി ഏഴാഴ്ചയ്ക്ക് ശേഷമാണ് ബന്ദികളെ മോചിപ്പിച്ചത്. ഇസ്രായേലുമായുള്ള കരാറിന് പിന്നാലെയാണ് ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായത്. ഒക്ടോബര്‍ 7നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ 240 ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതില്‍ 29 പേരെയാണ് മോചിപ്പിച്ചത്.