യൂട്യൂബ് വ്യൂവേഴ്സിനെ കൂട്ടാൻ വിമാനാപകടം ഉണ്ടാക്കിയ സംഭവം: 2 വർഷത്തിനുശേഷം യൂട്യൂബർക്ക് ശിക്ഷ വിധിച്ച് കോടതി
സാഹസികത നിറഞ്ഞ വീഡിയോകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടുതന്നെ മറ്റ് കണ്ടന്റുകളെ അപേക്ഷിച്ച്, സാഹസിക വീഡിയോകൾക്കുളള കാഴ്ചക്കാരുടെ എണ്ണവും കൂടുതലാണ്. ഇത്തരത്തിൽ യൂട്യൂബിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കാൻ ബോധപൂർവ്വം വിമാനാപകടം ഉണ്ടാക്കിയ കേസിൽ ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. 30 വയസ്സുകാരനായ ഡാനിയൽ ജേക്കബിനെയാണ് അമേരിക്കൻ കോടതി ശിക്ഷിച്ചിരിക്കുന്നത്. ആറ് മാസം വരെ തടവ് ശിക്ഷയാണ് വിധിച്ചത്.
2021 ഡിസംബർ മാസത്തിലാണ് യൂട്യൂബിൽ വിമാനാപകടത്തിന്റെ വീഡിയോ വൈറലായി മാറിയത്. വിമാനാപകടത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് ജേക്കബ് വാദിച്ചിരുന്നെങ്കിലും, കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ അപകടം ബോധപൂർവ്വം സൃഷ്ടിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കയ്യിൽ സെൽഫി സ്റ്റിക്ക് പിടിച്ചാണ് പാരച്യൂട്ടുമായി വിമാനത്തിൽ നിന്നും താഴേക്ക് ചാടിയത്. പിന്നീട് കുറച്ച് സമയത്തിനുശേഷം വിമാനം തകർന്നടിയുന്ന ദൃശ്യവും ഇയാൾ പകർത്തുകയായിരുന്നു. മണിക്കൂറുകൾ കൊണ്ട് ദശലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്.
2021 നവംബറിൽ, കാലിഫോർണിയയിലെ സാന്താ ബാർബറ വിമാനത്താവളത്തിൽ നിന്നാണ് ജേക്കബ് തന്റെ വിമാനത്തിൽ ക്യാമറകൾ ഘടിപ്പിച്ച സോളോ ഫ്ലൈറ്റിൽ പുറപ്പെട്ടത്. ലക്ഷ്യസ്ഥാനത്ത് എത്താൻ ഇയാൾ ഉദ്ദേശിച്ചിരുന്നില്ലെന്നും പറക്കുന്നതിനിടെ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടാൻ പദ്ധതിയിട്ടിരുന്നുവെന്നും അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. പറന്നുയർന്ന് 35 മിനിറ്റിനുള്ളിൽ ലോസ് പാഡ്രെസ് നാഷണൽ ഫോറസ്റ്റിൽ വിമാനം തകർന്നുവീണു. തുടർന്ന് ഡിസംബർ 23 ന് ‘എന്റെ വിമാനം തകർന്നു’ എന്ന തലക്കെട്ടിലുള്ള വീഡിയോ ജേക്കബ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.