ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നു, സ്ത്രീകളോട് പുതിയ ആഹ്വാനവുമായി കിം ജോങ് ഉന്‍


 

പ്യോങ്‌യാങ്: കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ഉത്തര കൊറിയയിലെ സ്ത്രീകളോട് അഭ്യര്‍ത്ഥിച്ച് കിം ജോങ് ഉന്‍. ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നതിനിടെയാണ് കിമ്മിന്റെ പുതിയ ആഹ്വാനമെന്ന് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംസാരിക്കുന്നതിനിടെ തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രാജ്യത്തിന് കരുത്തേകാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനാണ് തലസ്ഥാനമായ പ്യോങ്‌യാങില്‍ അമ്മമാര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ കിം ആവശ്യപ്പെട്ടത്. ജനന നിരക്ക് വര്‍ദ്ധിപ്പിക്കുക, കുട്ടികള്‍ക്ക് നല്ല സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്നിവയെല്ലാം നമ്മുടെ കുടുംബ കാര്യങ്ങളാണ്. നമുക്കിത് അമ്മമാരോടൊപ്പം ഒരുമിച്ച് ചെയ്യണമെന്ന് കിം പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാര്‍ വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു.

ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാക്കാന്‍ 1970 – 80 കളില്‍ ഉത്തര കൊറിയ ജനന നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. 1990കളുടെ മധ്യത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ക്ഷാമത്തിന് ശേഷം ഉത്തര കൊറിയയില്‍ ജനസംഖ്യ കുറയാന്‍ തുടങ്ങി. ജനസംഖ്യയിലെ കുറവ് പരിഹരിക്കാന്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ ഭവനം, സബ്സിഡികള്‍, സൗജന്യ ഭക്ഷണം, മരുന്ന്, വീട്ടുപകരണങ്ങള്‍, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിങ്ങനെയാണ് നല്‍കുന്നത്.