ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന യഹ്യ സിന്‍വാറിനെ വധിക്കും: ഇസ്രായേല്‍
ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കുന്ന യഹ്യ സിന്‍വാറിനെ വധിക്കാനൊരുങ്ങി ഇസ്രായേല്‍. സിന്‍വാറിന്റെ വീട് ഇസ്രായേല്‍ സൈന്യം വളഞ്ഞുവെന്നും, അയാളെ അവിടെ നിന്ന് കണ്ടെത്തുന്നത് വരെയുള്ള സമയം മാത്രമേ ഇനി ബാക്കിയുള്ളു എന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
‘ ഗാസ മുനമ്പില്‍ ഏത് ഭാഗത്തേക്കും ശത്രുവിനെ തിരക്കി പോകാമെന്ന് സൈന്യത്തോട് ഞാന്‍ അറിയിച്ചിരുന്നു. അവര്‍ ഇപ്പോള്‍ സിന്‍വാറിന്റെ വീട് വളയുകയാണ്. ആ വീട് അയാളുടെ താവളം അല്ലായിരിക്കാം. അതുകൊണ്ട് തന്നെ സിന്‍വാര്‍ അവിടെ നിന്ന് രക്ഷപെട്ടേക്കാനും സാധ്യതയുണ്ട്. പക്ഷേ ഇനി അയാളെ കണ്ടെത്തുന്നതിന് വളരെ കുറഞ്ഞ സമയം മാത്രമാണ് മുന്നിലുള്ളത്’, നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സിന്‍വാര്‍ നിലവില്‍ വീടിനുള്ളില്‍ അല്ലെന്നും, ഭൂമിക്ക് അടിയിലുള്ള ഒളിത്താവളത്തില്‍ ആണെന്നുമാണ് വിവരം ലഭിച്ചതെന്ന് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
2017ലാണ് യഹ്യ സിന്‍വാര്‍ ഹമാസിന്റെ പ്രധാന നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇസ്രായേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനും പലസ്തീനികളെ കൊലപ്പെടുത്തിയതിനും ഇയാള്‍ അറസ്റ്റിലാവുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.