പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതില്‍ അതീവ ദു:ഖം, പ്രവാചകന്‍ ഇതിന് എതിരല്ല: താലിബാന്‍ മന്ത്രി


കാബൂള്‍ : പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാകാത്തതില്‍ അതീവ ദുഃഖമുണ്ടെന്ന് താലിബാന്‍ മന്ത്രി ഷെര്‍ മുഹമ്മദ് അബ്ബാസ് . പെണ്‍കുട്ടികളെ ഇവിടെ പഠിക്കാന്‍ അനുവദിക്കാത്തതിനാല്‍ മറ്റ് രാജ്യക്കാര്‍ തങ്ങളില്‍ നിന്ന് അകലം പാലിക്കുന്നുണ്ടെന്നും ഷേര്‍ മുഹമ്മദ് പറയുന്നു. ട്രൈബല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷെര്‍ മുഹമ്മദ് .

‘ ആറാം ക്ലാസ് മുതല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കുന്നതിന് മുന്‍കൈയെടുക്കണം . വിദ്യാഭ്യാസം ഇല്ലെങ്കില്‍ സമൂഹം ഇരുട്ടില്‍ തപ്പിത്തടയും. എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശമുണ്ട്. ഈ അവകാശം പ്രവാചകന്‍ നല്‍കിയിട്ടുണ്ട്, അത് പെണ്‍കുട്ടികളില്‍ നിന്ന് ആര്‍ക്കെങ്കിലും തട്ടിയെടുക്കാന്‍ കഴിയുമോ, ഈ അവകാശം എടുത്തുകളഞ്ഞാല്‍, അങ്ങനെ ചെയ്യുന്നത് അഫ്ഗാന്‍ ജനതക്കെതിരായ കുറ്റകൃത്യത്തിന് തുല്യമായിരിക്കും! ഈ സാഹചര്യത്തില്‍ സ്‌കൂളുകളും കോളേജുകളും എല്ലാവര്‍ക്കും തുറന്നുകൊടുക്കണം. അയല്‍രാജ്യങ്ങളുമായും മറ്റ് ലോകരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പിരിമുറുക്കത്തിന് ഒരേയൊരു കാരണമേയുള്ളൂവെന്നും അത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിരോധനമാണെന്നും’ ഷെര്‍ മുഹമ്മദ് പറഞ്ഞു.