ജനീവ: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഉടനടി വെടിനിര്‍ത്തലും ബന്ദികളെ നിരുപാധികം മോചിപ്പിക്കാനും ആവശ്യപ്പെടുന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലെ കരട് പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയില്‍ നടന്ന അടിയന്തര പ്രത്യേക സെഷനില്‍ ഈജിപ്ത് പ്രമേയം അവതരിപ്പിച്ചു. കരട് പ്രമേയം 193 അംഗ യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു. 153 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 23 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും 10 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വലിയ തോതിലുള്ള മാനുഷിക പ്രതിസന്ധി ഇവിടെ നടക്കുന്നുണ്ടെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. അതിനാല്‍ ഇന്ത്യ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ ഏഴിന് ഹമാസും മറ്റ് പലസ്തീനിയന്‍ സായുധ സംഘങ്ങളും ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 33 കുട്ടികള്‍ ഉള്‍പ്പെടെ 1,200 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 18,205 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഏകദേശം 49,645 പേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് അറിയിച്ചു.