ചൈനയിൽ വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.2 തീവ്രത, നൂറിലധികം പേർ മരിച്ചു


ബെയ്ജിങ്: ചൈനയെ നടുക്കി വൻ ഭൂചലനം. ഗാർസു പ്രവിശ്യയിൽ ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 111 കവിഞ്ഞു. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഏകദേശം 230-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ തുടരുകയാണ്.

ചൈനയിലെ ഗാൻസു-ക്വിൻഹായ് അതിർത്തി മേഖലയിലാണ് ഭൂചലനം വലിയ രീതിയിൽ നാശം വിതച്ചത്. ഗാൻസു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻഷൗവിൽ നിന്ന് 100 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് പ്രഭവ കേന്ദ്രം. ഭൂചലനത്തെ തുടർന്ന് നിരവധി തുടർചലനങ്ങളും പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. കൂടാതെ, ഈ മേഖലയിലെ ജലവിതരണവും, വൈദ്യുതിയും തടസ്സപ്പെട്ടതായി ചൈനീസ് വാർത്ത ഏജൻസി അറിയിച്ചു. പ്രദേശത്ത് ശക്തമായ മഞ്ഞുവീഴ്ചയാണ്.

ഇന്നലെ ജമ്മു കാശ്മീരിലെ വിവിധ പ്രദേശങ്ങളിൽ മിനിറ്റുകൾക്കിടെ നാല് തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ലഡാക്കിന് സമീപം കാർഗിലിലും, ജമ്മു കാശ്മീരിന് സമീപം കിഷ്ത്വാറിലുമാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആളപായമോ, മറ്റ് നാശനഷ്ടമോ ഉണ്ടായിട്ടില്ല.