ന്യൂഡൽഹി: ചെന്നൈയിലെ പ്ലാന്റ് വിൽക്കാനുള്ള നടപടികളിൽ നിന്ന് പിന്മാറി പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ്. മാസങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിലെ കാർ നിർമ്മാണവും വിൽപ്പനയും ഫോർഡ് അവസാനിപ്പിച്ചിരുന്നെങ്കിലും, ചെന്നൈയിലെ പ്ലാന്റ് ഇതുവരെ വിറ്റിരുന്നില്ല. എന്നാൽ, വിൽക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ ഫോർഡ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫോർഡിന്റെ അപ്രതീക്ഷിത തീരുമാനം. വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾ പിൻവലിച്ചതോടെ, ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചുവരവിന്റെ സൂചനകളാണ് ഫോർഡ് നൽകുന്നത്.
ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് കാർ നിർമ്മാണ പ്ലാന്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നിരുന്നു. ഇലക്ട്രിക് വാഹനം നിർമ്മാണ രംഗത്തേക്ക് ചുവടുകൾ ശക്തമാക്കാൻ പദ്ധതിയിട്ടിരുന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഫോർഡ് പ്ലാന്റ് ഏറ്റെടുക്കാൻ വലിയ രീതിയിലുള്ള താൽപ്പര്യമാണ് പ്രകടിപ്പിച്ചിരുന്നത്. ഇതിനു മുൻപ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫിൻ ഫാസ്റ്റ്, ഒല ഇലക്ട്രിക്, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, എംജി മോട്ടോഴ്സ് തുടങ്ങിയ കമ്പനികളെല്ലാം വിവിധ ഘട്ടങ്ങളിൽ ഫോർഡ് മാനേജ്മെന്റുമായി ചർച്ചകൾ നടത്തിയിരുന്നു.
ചെന്നൈയിലെ മരൈമലൈ നഗറിൽ 350 ഏക്കറോളം സ്ഥലത്താണ് ഫോർഡിന്റെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം രണ്ട് ലക്ഷം കാറുകളും, 3.4 ലക്ഷം എഞ്ചിനുകളും നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. ഇന്ത്യൻ വിപണിയിൽ കാർ വിൽപ്പന അവസാനിപ്പിച്ച ശേഷവും, കുറച്ച് മാസങ്ങൾ കൂടി വിദേശ രാജ്യങ്ങളിലേക്കുള്ള വാഹനങ്ങൾ ചെന്നൈയിൽ നിർമ്മിച്ചിരുന്നു. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യ വിട്ടുപോകുന്നതിന് പകരം, ഇവിടെ സാന്നിദ്ധ്യം അറിയിക്കാന്‍ തന്നെയായിരിക്കും ഫോര്‍ഡ് ആലോചിക്കുന്നതെന്നും ഇത് വലിയ ഗുണം ചെയ്യുമെന്നുമാണ് ഓട്ടോമൊബൈല്‍ രംഗത്തുള്ള വിദഗ്ധരുടെ വിലയിരുത്തൽ.